| Wednesday, 20th October 2021, 11:21 am

ഭീതി ഒഴിയുന്നു; മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലേക്കായി നല്‍കിയ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ അറിയിപ്പു പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ ഒരു ജില്ലയിലും തീവ്ര മഴ മുന്നറിയിപ്പില്ല.

നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ നാളെത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയായിരുന്നു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം ഇല്ല.

നാളെ ആലപ്പുഴ ഒഴികെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലും മലപ്പുറത്തും യെല്ലോ അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പില്ല.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്കോട്ട് മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിര്‍ദേശമുണ്ട്.

ഇന്നു മുതല്‍ നാലു ദിവസം സംസ്ഥാനത്ത് തീവ്ര മഴയ്ക്കു സാധ്യതയെന്നായിരുന്നു ഇന്നലെ നല്‍കിയ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാല്‍ 9 ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചതോടെ സംസ്ഥാനത്തിന് വലിയ ആശങ്ക കൂടിയാണ് ഒഴിയുന്നത്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകളില്‍ ഇന്ന് മുതല്‍ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിരുന്നു. കേരള, കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് മുതല്‍ 23 വരെയുളള പരീക്ഷകളും, കണ്ണൂര്‍ സര്‍വകലാശാല ഇന്ന് മുതല്‍ 22 വരെയുളള പരീക്ഷകളുമായിരുന്നു മാറ്റിയത്.

ആരോഗ്യ സര്‍വ്വകലാശാല ഇന്നത്തെ പരീക്ഷകള്‍, നാളെ തുടങ്ങാനിരുന്ന കുഫോസ് പിജി സ്പോട്ട് അഡ്മിഷന്‍, നാളെ നടക്കേണ്ടിയിരുന്ന ഫൈന്‍ ആര്‍ട്സ് പരീക്ഷയും എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനി വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Heavy Rain Alert Kerala Withdraws

We use cookies to give you the best possible experience. Learn more