| Monday, 10th June 2019, 8:48 pm

അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.

ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കും. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം പേട്ടയില്‍ കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. എറണാകുളം കലക്ടറേറ്റ് വളപ്പിലെ മരം മറിഞ്ഞുവീണ് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു.

ലക്ഷദ്വീപിനോടു ചേര്‍ന്ന് അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

‘വായു’ ചുഴലിക്കാറ്റ് വടക്ക് -വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നതെങ്കിലും കാറ്റിന്റെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല.

11-ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍വരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Latest Stories

We use cookies to give you the best possible experience. Learn more