ന്യൂദല്‍ഹി: ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെ ദല്‍ഹിയില്‍ കനത്ത പ്രക്ഷോഭം. നൂറുകണക്കിന് ഫലസ്തീന്‍ അനുകൂലികളാണ് ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ഇസ്രഈലിനെതിരെ തടിച്ചുകൂടിയത്.
കറുത്ത വസ്ത്രം ധരിച്ചും ഗസയിലെ വംശഹത്യ ഇസ്രഈല്‍ അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനറുകളും ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഷേധക്കാർ ജന്തര്‍മന്ദറില്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്.
ദീര്‍ഘകാലമായി ഇന്ത്യ പിന്തുരുന്ന നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച്, ഫലസ്തീന്‍ ജനതയെ പിന്തള്ളുകയും ഇസ്രഈലിനെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അന്താരാഷ്ട്ര ട്രിബ്യൂണലില്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്, എ.എ.പി.നേതാവും ഡല്‍ഹി ഡെപ്യൂട്ടി മേയറുമായ അലെയ് മുഹമ്മദ് ഇഖ്ബാല്‍, സി.ഐ.ടി.യു ഡല്‍ഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന എന്നിവരും പ്രതിഷേധ റാലിയില്‍ പങ്കെടുത്തിരുന്നു.
സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ശബ്ദമുയര്‍ത്തി. ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി ഇന്ത്യയിലെ മനുഷ്യര്‍ ഐക്യത്തോടെ നിലകൊള്ളണമെന്ന് വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളില്‍ ഇസ്രഈലിനെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുകയും ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതുമായി കാണാം. അധിനിവേശ വെസ്റ്റ് ബാങ്കിലും റഫ അതിര്‍ത്തിയിലും നടത്തുന്ന അതിക്രമങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
Content Highlight: Heavy protest in Delhi against Israeli genocide in Gaza