| Monday, 25th November 2024, 9:04 am

ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ കനത്ത തോല്‍വി; രാജിവെക്കാന്‍ തയ്യാറെന്ന് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്നാല്‍ സുരേന്ദ്രന്റെ രാജി സന്നദ്ധത ബി.ജെ.പി കേന്ദ്ര നേതൃത്വം തള്ളിയതായാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് കെ. സുരേന്ദ്രനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സുരേന്ദ്രന്‍ തമ്പടിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും താഴെ തട്ടിലുള്ള നേതാക്കളുമായി ബന്ധം പുലര്‍ത്തണമെന്നുമായിരുന്നു വിമര്‍ശനം.

ഇതിനുപിന്നാലെയാണ് രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വോട്ട് മറിച്ചുവെന്ന് കെ. സുരേന്ദ്രന്‍ പരാതിയില്‍ ഉന്നയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ശോഭ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടിയില്‍ വോട്ട് മറിച്ചെന്ന ആരോപണവുമുണ്ട്.

പാലക്കാട് ബി.ജെ.പിയുടെ ശക്തമായ മേഖലകളില്‍ പാര്‍ട്ടിയുടെ വോട്ടുവിഹിതം കുറയുകയാണ് ഉണ്ടായത്. മുന്‍സിപ്പാലിറ്റി ഭരണം ഉണ്ടായിട്ടും ഉപതെരഞ്ഞെടുപ്പില്‍ നഗരമേഖലയില്‍ ബി.ജെ.പിക്കുണ്ടായിരുന്ന വോട്ടുകള്‍ ഗണ്യമായി കുറയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിനും സി. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമെതിരെ അണികള്‍ വിമര്‍ശനം ഉയര്‍ത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിരോധ മാര്‍ഗം എന്ന നിലയിലാണ് കെ. സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വം നേരിട്ടെത്തി തന്റെ പരാതികള്‍ അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍പ്പാത്തി അടക്കമുള്ള മേഖലയിലുണ്ടായ വോട്ട് കുറവ് ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് ശോഭ പക്ഷവും സുരേന്ദ്രന്‍ പക്ഷവും തമ്മില്‍ ഇടച്ചിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുമുമ്പും സുരേന്ദ്രന്‍-മുരളീധരന്‍ പക്ഷം ശോഭ പക്ഷവുമായി ഇടഞ്ഞിരുന്നു. പിന്നീട് കേന്ദ്രനേതൃത്വം ഇടപെട്ടാണ് ഇരുപക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

Content Highlight: heavy defeat in elections; K Surendran is ready to resign

We use cookies to give you the best possible experience. Learn more