ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ഐ.പി.എല്‍ മാമാങ്കം അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികളാണ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചത്.
നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 3 തോല്‍വിയും അടക്കം 20 പോയിന്റ് നേടിയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത് എത്തിയത്. +1.428 എന്ന കിടിലന്‍ നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.
രണ്ടാം സ്ഥാനത്ത് 14 മത്സരങ്ങലില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റുമായി ഹൈദരബാദാണ്. +0.482 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ 14 മത്സരങ്ങളില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റ് നേടി+0.273 എന്ന നെറ്റ് റണ്‍ റേറ്റാണ് നേടിയത്.
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പ്ലേ ഓഫിലേക്ക് കടന്നുവന്ന ബെംഗളൂരു 14 മത്സരത്തില്‍ 7 വിജയവും 7 തോല്‍വിയും സ്വന്തമാക്കി +0.459 നെറ്റ് റണ്‍ റേറ്റില്‍ 14 പോയിന്റുമായി നാലാമതാണ്.
ലീഗ് ഘട്ടങ്ങളിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ ഓരോ പോയിന്റ് പങ്കിട്ട് കൊല്‍ക്കത്ത ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും സഞ്ജുവിന്റെ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് എത്തുകയുമായിരുന്നു.
മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസ് ഹൈദരാബാദിനെയാണ് നേരിടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ഹൈദരബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് സഞ്ജുവിനും കൂട്ടര്‍ക്കും നഷ്ടമായത്.
ഇതോടെ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ തിരിച്ചടിയാണ് എലിമിനേറ്ററില്‍ സംഭവിക്കാനിരിക്കുന്നത്. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചുവന്ന ബെംഗളൂരുവാണ് എലിമിനേറ്ററില്‍ സഞ്ജുവിനും സംഘത്തിനും വലിയ വെല്ലുവിളി. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം ആര്‍.സി.ബിക്കെതിരായ മത്സരം അതി കഠിനമാണ്. നേരത്തെ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിയ ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ ബെംഗളൂരു അടിത്തട്ടില്‍ നിന്ന് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ച് മിന്നും ഫോമിലാണ് പ്ലേ ഓഫിലേക്ക് കുതിച്ചത്.
ബെംഗളൂരിന്റെ ശക്തമായ ബാറ്റിങ് നിര തന്നെയാണ് സഞ്ജുവിന്റെ ആദ്യ വെല്ലുവിളി. മികച്ച ഫോമിലുള്ള സ്റ്റാര്‍ ഓപ്പണര്‍ വിരാട് കോഹ്‌ലിയും മധ്യനിരയില്‍ കൃത്യമായി പ്രധിരോദിക്കുന്ന രജത് പാട്ടിദാറും കാമറൂണ്‍ ഗ്രീനും മികച്ച കണക്ഷനിലാണ്. എന്നാല്‍ പ്ലേ ഓഫില്‍ കടന്നവരില്‍ ഏറ്റവും ദുര്‍ബലമായ ഓപ്പണിങ് ജോഡിയാണ് സഞ്ജുവിന്റെ രാജസ്ഥാനുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 348 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന് തന്റെ കഴിവിനൊത്ത മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല എന്നത് ടീമിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്.
മാത്രമല്ല സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലറിന്റെ വിടവ് നികത്താന്‍ കഴിയാത്ത വസ്തുതയാണ്. ബട്‌ലറിന് പകരമിറങ്ങിങ്ങിയ ഇംഗ്ലണ്ട് താരം ടോം കോളര്‍ കാഡ്‌മോര്‍ താളം കണ്ടെത്തിയിട്ടില്ല. ഇതോടെ തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുന്ന ടീമിന്റെ സമ്മര്‍ദം മുഴുവനും വണ്‍ ഡൗണ്‍ ഇറങ്ങുന്ന സഞ്ജുവിന്റെ തലയിലാവുന്നതും പ്രശ്‌നമാണ്.
മധ്യ നിരയില്‍ റിയാന്‍ പരാഗ് മികച്ച ഫോമില്‍ തുടരുന്നത് എന്തുകൊണ്ടും രാജസ്ഥാന് ഒരാശ്വാസമാണ്. 12 മത്സരത്തില്‍ 531 റണ്‍സാണ് പരാഗ് നേടിയത്. 504 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജുവും റണ്‍സ് വേട്ടയിലെ ആദ്യ ഏഴിലുള്ള രാജസ്ഥാന്‍ ആധിപത്യം കാത്ത് സൂക്ഷിക്കുന്നുണ്ട്. റോവ്മാന്‍ പവല്‍, ധ്രുവ് ജുറെല്‍, ശുഭം ദുബെ എന്നിവര്‍ തിളങ്ങിയാല്‍ ടീമിന് മികച്ച മുന്നേറ്റം നടത്താം.
എന്നാല്‍ മറ്റു ടീമുകള്‍ അനായാസം 200+ റണ്‍സ് നേടുമ്പോള്‍ രാജസ്ഥാന്‍ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തുന്നതില്‍ ഏറെ വിയര്‍ക്കുന്ന കാഴ്ചയാണുള്ളത്. ഊര്‍ജം നഷ്ടപ്പെട്ട രാജസ്ഥാനെ കഴിഞ്ഞ നാല് മത്സരങ്ങളിലും കാണാന്‍ സാധിച്ചത്. ഫാഫിന്റെ കോഹ്‌ലിപ്പട ആറ് തവണയാണ് 2024 ഐ.പി.എല്‍ സീസണില്‍ 200 റണ്‍സിന് മുകളില്‍ നേടിയത്. മാത്രമല്ല റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ 64.36 എന്ന മികച്ച ആവറേജില്‍ 708 റണ്‍സ് നേടിയ വിരാട് തന്റെ ബാറ്റിന്റെ പ്രഹര ശേഷി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ പ്ലേ ഓഫില്‍ കയറിയ മറ്റു മൂന്നു ടീമുകളും രാജസ്ഥാനെക്കാള്‍ റണ്‍സ് വാരിക്കൂട്ടുന്നുണ്ട്.
മാത്രമല്ല 2024 സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ ടീമാണ് ബെംഗളൂരു. 157 സിക്‌സറുകളാണ് ടീം അടിച്ചുകൂട്ടിയത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സണ്‍റൈസസ് ഹൈദരാബാദ് ആണ്. 160 സിക്‌സറുകളാണ് ടീം ഈ സീസണില്‍ നേടിയത്.
വമ്പന്‍മാര്‍ക്കെതിരെ പൊരുതുമ്പോള്‍ പറയത്തക്ക റെക്കോഡുകളൊന്നും ലിസ്റ്റില്‍ രാജസ്ഥാനില്ല എന്നത് മറ്റൊരു ദുര്‍ബലതയാണ്. മറ്റു ഫ്രാഞ്ചൈസികള്‍ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കുമ്പോള്‍ അവസരം മുതലാക്കാനും രാജസ്ഥാന് സാധിക്കുന്നില്ല. എലിനിനേറ്റര്‍ വിജയത്തിനായി രാജസ്ഥാന് ആശ്രയിക്കേണ്ടി വരുക തങ്ങളുടെ ബൗളിങ് യൂണിറ്റിനെ തന്നെയാകും. ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ തുടങ്ങിയവരെ സഞ്ജു ഫലപ്രദമായി ഉപയോഗിക്കുമെന്നത് ഉറപ്പാണ്.
വിശ്വസ്തതയില്ലാത്ത ഓപ്പണിങ്ങും റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിന്റെ പരാജയവും രാജസ്ഥാനെ അലട്ടുമ്പോഴും ലോകമെമ്പാടുമുള്ള മലയാളികള്‍ കാത്തിരിക്കുന്നത് സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ 2024 ഐ.പി.എല്‍ കിരീടം ഉയര്‍ത്തുന്നതാണ്. തുടക്കത്തില്‍ വിജയക്കുതിപ്പ് നടത്തിയ അതേ ആവേശത്തില്‍ രാജസ്ഥാന്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Heavy challenges await Sanju Samson in the eliminator match Against RCB