ലണ്ടന്‍: വനിതാ ലോകകപ്പില്‍ മിതാലിയേയും കൂട്ടരേയും തകര്‍ത്തായിരുന്നു ഇംഗ്ലണ്ട് കിരീടം ചൂടിയത്. വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ട് നായിക ഹെതര്‍ നൈറ്റിന് അബദ്ധം പറ്റി. മത്സരം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടപ്പോഴേക്കും കപ്പ് കാണാനില്ല. പ്രമുഖ വിദേശമാധ്യമമായ ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു നൈറ്റ് ആ അനുഭവം തുറന്നു പറഞ്ഞത്.
ക്യാപ്റ്റനെന്ന നിലയില്‍ കപ്പ് സൂക്ഷിക്കാനുള്ള അവകാശം ഹെതര്‍ നൈറ്റിനായിരുന്നു. ഇതാണ് നഷ്ടമായത്. തനിക്കുണ്ടായ അനുഭവം ഹെതര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.
“എവിടെയോ മറന്നുവച്ചെന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ അതങ്ങിനെയായിരുന്നില്ല. കപ്പ് സൂക്ഷിച്ച പെട്ടി എന്റെ കൈവശം ആയിരുന്നതിനാല്‍ കപ്പും കൈയ്യിലുണ്ടെന്ന ധാരണയിലായിരുന്നു ഞാന്‍. പക്ഷെ ആ പെട്ടി ശൂന്യമായിരുന്നു. ഇത് സൂക്ഷിക്കാന്‍ ഒരു സുരക്ഷ ജീവനക്കാരി എനിക്കൊപ്പമുണ്ടായിരുന്നു. സ്‌കൈ സ്‌പോര്‍ട്‌സ് ചാനലില്‍ കപ്പ് മറന്നുവച്ചുവെന്നായിരുന്നു ഞാന്‍ ആദ്യ കരുതിയത്. പക്ഷെ അവിടെ അന്വേഷിച്ചപ്പോള്‍ കപ്പ് ഉണ്ടായിരുന്നില്ല””.
“”ഇതിന് ശേഷമാണ് ഞാന്‍ ആ സുരക്ഷ ജീവനക്കാരിയെ തേടി പോയത്. കപ്പ് നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതി. അവരുടെ പക്കലുണ്ടാകുമെന്ന ധാരണയിലായിരുന്നു ഞാന്‍ അവരെ തേടി പോയത്. എന്നാല്‍ കപ്പുമായി മൂന്ന് സ്ത്രീകള്‍ നടന്നുപോകുന്നത് കണ്ടുവെന്ന് മാത്രമായിരുന്നു അവരുടെ മറുപടി.””
“”എന്റെ ചോദ്യങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ വല്ലാതെ ഭയന്നു. ലോകകപ്പ് നഷ്ടപ്പെട്ടുവെന്ന പേടി എന്നെ കീഴ്‌പ്പെടുത്തി.” താരം പറയുന്നു. എന്നാല്‍ അത്രയും നേരം പേടിച്ചെങ്കിലും കിരീടം തിരിച്ചുകിട്ടി. എവിടെയായിരുന്നു കീരീടമെന്നതായിരുന്നു രസം.
“പക്ഷെ ഭാഗ്യത്തിന്, കപ്പുമായി കടന്ന സ്ത്രീകള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡില്‍ തന്നെ ഉള്ളവരായിരുന്നു.”” നൈറ്റ് വെളിപ്പെടുത്തുന്നു, ചിരിയോടെയാണ് അവര്‍ അത് പറഞ്ഞു നിര്‍ത്തിയത്.
മിതാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിത ടീമിനെ വാശിയേറിയ മത്സരത്തില്‍ പരാജയപ്പെടുത്തി നേടിയ കപ്പ് അങ്ങിനെ ഹെതര്‍ നൈറ്റിന് തിരിച്ചുകിട്ടി.