| Sunday, 3rd September 2023, 12:53 pm

സിംബാബ്‌വേ ഇതിഹാസം ഹീത് സ്ട്രീക് അന്തരിച്ചു; തേര്‍ഡ് അമ്പയര്‍ തിരിച്ചുവിളിച്ച ആ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഷെവ്‌റോണ്‍സ് ഇതിഹാസം ഹീത് സ്ട്രീക് അന്തരിച്ചു. അദ്ദേഹത്തിന്റെ പങ്കാളി നാദിന്‍ സ്ട്രീക്കാണ് മരണവിവരം സ്ഥിരികീരിച്ചത്. വിവധ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ സ്ട്രീക്കിന്റെ വിയോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അര്‍ബുദ ബാധിതനായ സ്ട്രീക് 49ാം വയസിലാണ് ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി മടങ്ങിയത്.

ഏറെ വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് നാദിന്‍ സ്ട്രീക് ഹീത് സ്ട്രീക്കിന്റെ മരണവാര്‍ത്ത ലോകവുമായി പങ്കുവെച്ചത്.

സിംബാബ്‌വന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടത്തില്‍ താരം ടീമിന്റെ നെടുംതൂണായി നിലകൊണ്ടിരുന്നു. 1993ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം 2005ലാണ് ഷെവ്‌റോണ്‍സിന്റെ ജേഴ്‌സിയോട് വിടപറയുന്നത്.

സിംബാബ്‌വേക്കായി 65 ടെസ്റ്റും 189 ഏകദിനങ്ങളും കളിച്ച സ്ട്രീക് 4,933 റണ്‍സും 455 വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വേക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ തന്നെ തുടരുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം പരിശീലകന്റെ വേഷത്തിലും താരം തിളങ്ങിയിരുന്നു. ആഭ്യന്തര ടീമുകളെയും ബംഗ്ലാദേശ്, സിംബാബ്‌വേ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

നേരത്തെ ഹീത് സ്ട്രീക് അന്തരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് മുന്‍ സിംബാബ്‌വേ താരം ഹെന്റി ഓലോങ്ക സ്ഥിരീകരിച്ചിരുന്നു.

ഹീത് സ്ട്രീക് ജീവനോടെയുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുകയാണെന്നും ഒലോങ്ക പറഞ്ഞു. സ്ട്രീക്കുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ് പങ്കുവെച്ചുകൊണ്ടാണ് ഒലോങ്ക ഇക്കാര്യം അറിയിച്ചത്. എക്സ് പ്ലാറ്റ്ഫോമിലൂടെ ഹീത് സ്ട്രീക് അന്തരിച്ചുവെന്ന വാര്‍ത്ത ഒലോങ്കയും പങ്കുവെച്ചിരുന്നു.

‘ഹീത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അതിശയോക്തിപരമാണ്. വിഷയത്തില്‍ എനിക്ക് സ്ഥിരീകരണം ലഭിച്ചു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. തേര്‍ഡ് അമ്പയര്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്,’ എന്നായിരുന്നു ഒലോങ്ക അന്ന് ട്വീറ്റ് ചെയ്തത്.

Content Highlight: Heath Streak passed away

We use cookies to give you the best possible experience. Learn more