തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പിന് പ്രത്യേക പ്രാധാന്യം നല്‍കാന്‍ സംസ്ഥാന ആരോഗ്യ നയത്തില്‍ തീരുമാനം. ശിശുമരണ നിരക്ക് കുറയ്ക്കാനാണ് കുട്ടികളിലെ പ്രതിരോധ കുത്തിവെയ്പിന് പ്രത്യേക പ്രാധാന്യം നല്‍കുന്നത്.
വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, ആദിവാസികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്ററുകള്‍ എന്നിവരുടെ ആരോഗ്യ പരിരക്ഷയ്ക്ക് പദ്ധതികള്‍ നടപ്പാക്കുമെന്നും ആരോഗ്യനയത്തില്‍ പറയുന്നു.
അതേസമയം, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പുതിയ ഡയറക്ടറേറ്റ് കൂടി രൂപീകരിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനടക്കം പ്രാധാന്യം നല്‍കാനാണ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് പുതിയതായി രൂപീകരിച്ചത്. ഇതോടുകൂടി ആരോഗ്യ വകുപ്പിന് മൂന്ന് ഡയറക്ടറേറ്റുകളായി.
ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറ്റേറ്റ് എന്നിങ്ങനെയാണ് ബാക്കിയുള്ള ഡയറക്ടറേറ്റുകള്‍. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെ മൂന്ന് കേഡറുകളിലായി വിഭജിക്കാനും ആരോഗ്യനയത്തില്‍ തീരുമാനമായി.
സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചുള്ള പരാതി പരിഹരിക്കാനുള്ള സംവിധാനവും നിലവില്‍ വരും. ക്ലിനിക്കല്‍ ലബോറട്ടറികള്‍ അടക്കം പരിശോധന സംവിധാനങ്ങള്‍ക്ക് ഗ്രേഡിങ് നിര്‍ബന്ധമാക്കുമെന്നും ഗുണമേന്മ ഉറപ്പാക്കാന്‍ ക്ലിനിക്കല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നോളജി കൗണ്‍സില്‍ രൂപീകരിക്കുമെന്നും ആരോഗ്യനയത്തില്‍ പറയുന്നു.