| Tuesday, 16th June 2020, 12:26 pm

ദീപികയും അനുഷ്‌കയും, ഷാരൂഖ് ഖാനും വീണുപോയ, സുശാന്ത് ജീവനൊടുക്കിയ വിഷാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മുംബൈയില്‍ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വിഷാദരോഗം അഥവാ ഡിപ്രഷന്‍ എന്ന വാക്ക് വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. വിഷാദരോഗവും മാനസ്സിനാരോഗ്യത്തകര്‍ച്ചയും കാരണം സംഭവിച്ചിട്ടുള്ള ഒട്ടനവധി ആത്മഹത്യകള്‍ സമീപകാലത്ത് ചര്‍ച്ചയായിരുന്നു. ആളുകളെ ജീവിതമവസാനിപ്പിക്കാന്‍ വരെ പ്രേരിപ്പിക്കുന്ന അപകടകരമായ ഈ രോഗം യഥാര്‍ത്ഥത്തില്‍ എന്താണ്. എങ്ങിനെയാണ് നമുക്കീ രോഗത്തെ തിരിച്ചറിയാനാവുക. വിഷാദരോഗത്തെ ആളുകള്‍ മറികടക്കുന്നതെങ്ങിനെയാണ്. ഡൂള്‍ എക്‌സ്‌പ്ലെയിനര്‍ പരിശോധിക്കുന്നു.

എന്താണ് വിഷാദം

ലേകാരോഗ്യ സംഘടന പറയുന്നത് പ്രകാരം വിഷാദം സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്  ലോകത്ത് 264 മില്ല്യണിലധികം വിഷാദ രോഗികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത് ചികിത്സ തേടിയവരുടെ കണക്കായിരിക്കാണെങ്കില്‍ രോഗം തിരിച്ചറിയപ്പെടാതെ  കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്ന അനേകം പേര്‍ നമുക്ക് ചുറ്റും വേറെയുമുണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.

നമ്മള്‍ സാധാരണ നേരിടുന്ന മൂഡ് ഫ്‌ളക്ച്ചുവേഷന്‍സ്, ചുരുങ്ങിയ സമയത്തേക്ക് നീണ്ടു നില്‍ക്കുന്ന വൈകാരിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമാണ് വിഷാദരോഗമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അകാരണവും നീണ്ടുനില്‍ക്കുന്നതുമായ മാനസ്സികപ്രയാസങ്ങളാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണം. മാനദണ്ഡങ്ങള്‍ അനുസരിച്ച് കൃത്യമായി പറഞ്ഞാല്‍ രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന വിഷാദത്തെയാണ് വിശാദരോഗമായി കണക്കാക്കുക. പതിവുകാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യക്കുറവ്, അകാരണമായ ക്ഷീണം തുടങ്ങിയവയും വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

ബോളിവുഡ് നടി ദിപീക പദുക്കോണിന്റെ കാര്യമെടുക്കാം. വിഷാദ രോഗം ബാധിച്ച കാലത്ത് താന്‍ കടന്നു പോയ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ അനുഭവം നിരവധി തവണ അവര്‍ പങ്കുവെച്ചിട്ടുണ്ട്. അതൊന്ന് കേള്‍ക്കാം.

വിഷാദത്തെ രോഗികള്‍ക്കു സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നൊരു തെറ്റിധാരണയുണ്ട്. സത്യത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നത്. വിഷാദ രോഗം ബാധിച്ചാല്‍ നിങ്ങള്‍ പിന്നെ ജീവിതത്തിന്റെ ഡ്രൈവിങ്ങ് സീറ്റിലല്ല ഇരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട രോഗികള്‍ ചികിത്സയോ പരിചരണമോ ഇല്ലാതെ സ്വയം നരകിക്കുകയാണ് ചെയ്യുന്നത്.

സ്വന്തം കാര്യങ്ങളില്‍ ഒരു നിയന്ത്രണവും ഇല്ലാതെയാകുന്നു. എവിടെ പോകണം, എങ്ങോട്ട് പോകണം, എന്ത് കഴിക്കണം, എപ്പോള്‍ ഉറങ്ങണം തുടങ്ങി ഒരു കാര്യവും തീരുമാനിക്കുന്നത് രോഗിയല്ല. കാലൊടിഞ്ഞവരോട് ഓടാന്‍ പറയുന്നത് പോലെയാണ് വിഷാദ രോഗികളോട് സാധാരണപോലെ പെരുമാറാന്‍ പറയുന്നത്. വിഖ്യാത ഷെഫും, എഴുത്തുകാരനുമായ ആന്റണി ബോര്‍ഡെയിന്‍, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കേറ്റ് സ്‌പെയിഡ് എന്നിവരുടെ മരണത്തിനു പിന്നാലെയാണ് ദീപിക ഈ കുറിപ്പ് എഴുതുന്നത്. വിഷാദരോഗികളോട് സമൂഹം എങ്ങിനെ ഇടപെടുന്നു എന്നതിനെക്കുറിച്ചും ദീപിക ഈ കുറിപ്പില്‍ പറഞ്ഞുവെക്കുന്നുണ്ട്.

ഒരിക്കല്‍ നേരിയ വ്യത്യാസത്തിന് രക്ഷപ്പെടുകയായിരുന്നുവെന്നും ആ ഓര്‍മ്മ ഉള്ളിലുള്ളതുകൊണ്ട് അതിന്റെ സൂചനകളോ ലക്ഷണങ്ങളോ കാണുമ്പോള്‍ മുന്നറിയിപ്പ് തരാതിരിക്കാനാകില്ലെന്നും  ലിവ് ലൗ ഫൗണ്ടേഷന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ദീപിക വ്യക്തമാക്കിയിരുന്നു.
സഹപ്രവര്‍ത്തകന്‍ സുശാന്ത് സിങ്ങിന്റെ മരണ സയമത്തും തന്നെ വര്‍ഷങ്ങളോളം കീഴ്‌പ്പെടുത്തിയ, ലോകത്തില്‍ ആഴത്തില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന വിഷാദം എന്ന രോഗത്തെക്കുറിച്ച് തന്നെയായിരുന്നു ദീപികയ്ക്ക് പറയാനുണ്ടായിരുന്നത്. ദീപികയുടെ കുറിപ്പിലേയ്ക്ക്…
ഈ മാനസികാവസ്ഥയിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയ്ക്ക് സഹായം തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തന്നൊയാണ് ഈ സന്ദര്‍ഭത്തില്‍ എനിക്ക് പറയാനുള്ളത്.
സംസാരിക്കൂ, സാഹയം തേടൂ, ഒന്നോര്‍ക്കുക നിങ്ങള്‍ ഒറ്റയ്ക്കല്ല. നമ്മള്‍ ഒരുമിച്ചാണ്. ഇവിടെ പ്രതീക്ഷയുമുണ്ട്. ദീപികയുടെ വാക്കുകളില്‍ താന്‍ അനുഭവിച്ച മാനസികാവസ്ഥയുടെ ഓര്‍മ്മകളില്‍ അനുഭവങ്ങളില്‍ നിന്നുള്ള കരുതല്‍ ഉണ്ട് എന്നത് വ്യക്തമാണ്.

വിഷാദ രോഗികള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. എട്ട് ലക്ഷത്തില്‍ അധികം ആളുകളാണ് പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 15-29 വയസ് വരെയുള്ള പ്രായത്തിനിടയിലുള്ളവരാണ് ആത്മഹത്യ ചെയ്യുന്നതില്‍ ഭൂരിഭാഗവും.

ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിഷാദരോഗത്തെ മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍ എന്നിങ്ങനെ തരം തിരിക്കാം. ഇവയ്ക്ക് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഏറിയും കുറഞ്ഞുമൊക്കെയിരിക്കും. ഉറക്ക കുറവ്, ഇടക്കിടെ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുക, പതിവിലും നേരത്തെ ഉണരുക, വിശപ്പില്ലായ്മ അകാരണമായി ഭാരം കുറയുക തുടങ്ങിയവ എല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.

വികാരങ്ങള്‍ മരവിച്ചതുപോലെ അനുഭവപ്പെടുന്നത്, അകാരണമായ കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നശിക്കല്‍, ആരുമില്ല എന്ന തോന്നല്‍, സ്വയം മതിപ്പില്ലായ്മ തുടങ്ങി അനേകം ലക്ഷണങ്ങള്‍ വിഷാദ രോഗിയ്ക്ക് വേറയുമുണ്ടാകാം.

സാമൂഹികവും, മാനസികവും, ശാരീരികവുമായ കാരണങ്ങള്‍ക്ക് ഒരു വ്യക്തിയെ വിഷാദത്തിലേക്ക് നയിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് അമേരിക്കയില്‍ ജോര്‍ജ് ഫളോയിഡിന്റെ മരണത്തിനുശേഷം കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഡിപ്രഷനും, ആന്‍ക്‌സൈറ്റിയും കൂടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ഇപ്പോള്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയും അരക്ഷിതത്വവുമാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കറുത്ത വര്‍ഗക്കാരില്‍ കൂടാന്‍ ഇടയാക്കിയതെന്നും പഠനം പറയുന്നു.

കൊവിഡ് 19 ഉയര്‍ത്തിയ പ്രത്യേക സാഹചര്യത്തില്‍ മാനസികമായ പ്രശ്നങ്ങളുടെ ഒരു സുനാമി തന്നെ മുന്നില്‍ കാണാമെന്നാണ് ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. ലോകത്താകമാനമുള്ള സാഹചര്യം അത്രമേല്‍ ആശങ്ക നിറഞ്ഞതാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ദിനം  പ്രതി വിവിധ കോണുകളില്‍ നിന്ന് പുറത്ത് വരുന്നുണ്ട്.

വിഷാദ രോഗം ആര്‍ക്കും വരാനുള്ള സാഹചര്യമുണ്ട് എന്നാണ് വിദ്ഗ്ധര്‍ തന്നെ പറയുന്നത്. ഉദാഹരണത്തിന് സമൂഹത്തില്‍ അത്രമേല്‍ സുരക്ഷിതരും സന്തോഷമുള്ളവരുമാണ് എന്ന് നാം കരുതുന്ന പലരും ഡിപ്രഷന്റെ ചുഴിയില്‍ വീണ് പോയിട്ടുണ്ട്. ഡിപ്രഷന്‍ ബാധിച്ച ബോളിവുഡ് സെലിബ്രിറ്റികളെ തന്നെ നോക്കാം

നിങ്ങള്‍ തന്നെ തടവറയില്‍ കഴിയുന്ന ആളും ക്രൂരനായ ജയിലറുമാണ് എന്ന് തോന്നിപ്പിക്കുന്ന സംഘര്‍ഷാവസ്ഥയിലൂടെയാണ് ഡിപ്രഷന്റെ സമയത്ത്  കടന്നു പോവുക എന്നാണ് ബോളിവുഡ് നടിയായ അനുഷ്‌ക ശര്‍മ്മ  പറഞ്ഞത്.

താനും വിഷാദ രോഗത്തിന്റെ ഘട്ടങ്ങളിലൂട കടന്നു പോയിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും പറഞ്ഞിരുന്നു. തോള്‍ സര്‍ജറി ചെയ്ത കാലയളവിലായിരുന്നു അദ്ദേഹത്തിന് ഡിപ്രഷന്‍ അനുഭവപ്പെട്ടത്. ഇത്തരത്തില്‍ നിരവധി ബോളിവുഡ് അഭിനേതാക്കള്‍ തങ്ങള്‍ക്ക് ഈ അവസ്ഥ നേരിട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ദീപിക പദുക്കോണിനെ പോലെയുള്ളവര്‍ ഇപ്പോഴും വിഷാദ രോഗികള്‍ക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളും നടത്തുന്നുണ്ട്.

ഏത് തരത്തില്‍ ജീവിക്കുന്ന സാമൂഹിക അവസ്ഥയിലുള്ളവരേയും വിഷാദം ബാധിക്കാം. ഇന്ത്യപോലൊരു രാജ്യത്ത് വിഷാദത്തിന്റെ സാധ്യതകള്‍ ഇനിയുമേറെ കൂടാനുള്ള സാഹചര്യങ്ങളുണ്ടെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം തന്നെ എടുക്കൂ. കൊറോണ എന്ന വൈറസ് നമ്മുടെ നിത്യജീവിതത്തിന്റ താളങ്ങളെല്ലാം തകിടം മറിച്ചു.

ഇപ്പോള്‍ നമുക്ക് ചുറ്റുമുള്ള വായു ശുദ്ധമാണ്. എന്നിട്ടും മാസ്‌ക് ധരിക്കാതെ പറ്റില്ല. പുറത്ത് ട്രാഫിക്കില്ല എന്നിട്ടും നമുക്ക് അകത്തു തന്നെ ഇരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ഇരിക്കാന്‍ നമുക്ക് ധാരാളം സമയമുണ്ട് എന്നിട്ടും പരസ്പരം ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കുന്നില്ല. ഇത്തരത്തില്‍ കുഞ്ഞു കാര്യങ്ങളില്‍ തുടങ്ങി അതി സങ്കീര്‍ണമായ പ്രശ്നങ്ങളിലൂടെയാണ് ഓരോ മനുഷ്യന്റെയും ഓരോ ദിനവും കടന്നു പോകുന്നത്. മാനസിക ആരോഗ്യമുള്ള ഒരു മനുഷ്യനെ പോലും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേക്ക് നീക്കാനുള്ള അവസ്ഥ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കൊവിഡിനെ പ്രതിരോധിക്കുന്നത് പോലെ തന്നെ ഇവിടെയുള്ള മനുഷ്യരുടെ മാനസിക ആരോഗ്യത്തിനും പ്രധാന്യം നല്‍കേണ്ടതുണ്ട് എന്ന തിരിച്ചറിവിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നീങ്ങേണ്ടതുണ്ട്. മാനസിക രോഗത്തിനോ വിഷാദത്തിനോ ചികിത്സ തേടാനുള്ള പ്രയാസങ്ങള്‍ തരണം ചെയ്ത് മറ്റേത് രോഗം പോലെ തന്നെയാണ് വിഷാദരോഗവും എന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടാനുള്ള ആത്മവിശ്വാസം രോഗിയ്ക്ക് പകരാനുള്ള പക്വത സമൂഹവും ആര്‍ജിക്കേണ്ടതുണ്ട്. ഇത് നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട വിഷയവുമാണ്.

തൊഴില്‍ നഷ്ടം, സാമ്പത്തിക തകര്‍ച്ച, ഇതുവരെ ജീവിച്ചു വന്നിരുന്ന പരിതസ്ഥിതികളില്‍ നിന്നുള്ള മാറ്റം, ആരോഗ്യപരമായ ആശങ്കകള്‍, തുടങ്ങി സംഘര്‍ഷം നിറഞ്ഞ ജീവിതാവസ്ഥയിലൂടെയാണ് ലോകമാകെയുള്ള മനുഷ്യര്‍ ഇന്ന് കടന്നു പോകുന്നത്. മാനസിക ആരോഗ്യ രംഗത്ത് ഏറെ സങ്കോചങ്ങളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ലോക്ക് ഡൗണ്‍ വലിയ പ്രത്യാഘാതങ്ങള്‍ തന്നെ തീര്‍ത്തേക്കാമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ വിശാദരോഗത്തെ മറ്റേത് രോഗത്തിനും നാം തേടുന്നത് പോലെതന്നെയുള്ള ചികിത്സതന്നെയാണ് അഭികാമ്യം.

 

We use cookies to give you the best possible experience. Learn more