ഉഷ്ണതരംഗ മരണങ്ങള്‍; യു.പിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; വരാന്തകളില്‍ തള്ളി; വീഡിയോ
India
ഉഷ്ണതരംഗ മരണങ്ങള്‍; യു.പിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല; വരാന്തകളില്‍ തള്ളി; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 12:55 pm

ലഖ്‌നൗ: ഉഷ്‌ണതരംഗ മരണങ്ങൾ വർധിച്ചതോടെ മൃതദേഹങ്ങൾ നിറഞ്ഞ് ഉത്തർപ്രദേശിലെ കാൺപൂർ മോർച്ചറി. ഉത്തർപ്രദേശിലെ ചൂട് ക്രമാതീതമായി ഉയർന്നതോടെ ഉഷ്‌ണതരംഗ മരണങ്ങളും വർധിച്ചിരിക്കുകയാണ്. ഉയരുന്ന മരണസംഖ്യ മൂലം സംസ്ഥാനത്തെ മൃതദേഹങ്ങൾ മോർച്ചറികളിൽ തിങ്ങിനിറയുന്ന അവസ്ഥയാണിപ്പോൾ.

ഇത്രയധികം മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ മോർച്ചറികളിലില്ലെന്നാണ് അധികൃതർ പറയുന്നത്. മൃതദേഹം അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. ഉഷ്‌ണതരംഗം മൂലമുണ്ടായ മരണങ്ങൾ ശ്മശാനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് മോർച്ചറിയുടെ വരാന്തയിൽ നിരത്തിക്കിടത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും മോർച്ചറികളിലില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നുണ്ട്.

കഴിഞ്ഞ 48 മണിക്കൂറിൽ മാത്രം കാൺപൂരിലേക്ക് പോസ്റ്റുമാർട്ടം ചെയ്യാനായി അയക്കപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. 48 മണിക്കൂറിനുള്ളിൽ 57 മൃതദേഹങ്ങളാണ് മോർച്ചറിയിൽ എത്തിയത്. ഒരു മൃതദേഹം 72 മണിക്കൂർ നിർബന്ധമായും സൂക്ഷിക്കേണ്ടതിനാൽ ഇത് വലിയ തോതിലുള്ള സ്ഥലപരിമിതിയിലേക്ക് നയിച്ചു.

അതിനാൽ മൃതദേഹങ്ങൾ തുറസ്സായ പ്രദേശത്ത് സൂക്ഷിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു . മെയ് 31ന് മാത്രം രാജ്യത്ത് ഉഷ്‌ണതരംഗം മൂലം 40 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 17 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 25 പേരാണ് ഉഷ്‌ണതരംഗം മൂലം മരണപ്പെട്ടത്.

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലും മിർസാപൂരിലുമായി തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ള 15 ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. 1,300ൽ അധികം ആളുകൾ സൂര്യാഘാതമേറ്റ് ആശുപത്രിയിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഉഷ്‌ണതരംഗം വലിയ വെല്ലുവിളിയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പിടിമുറുക്കുമ്പോൾ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളെടുക്കാനും, കഴിവതും വെയിലേൽക്കുന്നത് കുറക്കാനും ആരോഗ്യ പ്രവർത്തകർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

Content Highlight: heat wave death in UP