| Sunday, 24th March 2019, 4:33 pm

സംസ്ഥാനത്ത് പലയിടത്തും സൂര്യാഘാതം: രണ്ട് പേര്‍ മരിച്ചതായി സംശയം; 10 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലുണ്ടായ സൂര്യാഘാതത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പുനലൂര്‍, കാസര്‍കോട് എന്നിവിടങ്ങളാണ് സംഭവം. പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനാണ് കഴുത്തിനും വയറിനും പൊള്ളലേറ്റത്.

കാസര്‍കോട് കുമ്പള സ്വദേശി അബ്ദുല്‍ റഷീദിന്റെ മകള്‍ മര്‍വക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം പാറശ്ശാലയ്ക്ക് അടുത്ത്  വാവ്വക്കരയിലെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കരുണാകരന്‍ എന്നയാളാണ് മരണപ്പെട്ടത്. കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ ഇയാളെ ഉടനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വയലില്‍ പണിയെടുക്കുന്നതിനിടെ സൂര്യാഘാതം ഉണ്ടായതാകാമെന്നാണ് കരുതപ്പെടുന്നത്.

കണ്ണൂര്‍ വെള്ളോറയില്‍ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചതും സൂര്യഘാതം കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ വെള്ളോറയില്‍ കാടന്‍ വീട്ടില്‍ നാരായണനാണ് മരിച്ചത്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ഇനിയും ചൂട് വര്‍ധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കും. ചൊവ്വാഴ്ച വരെ കനത്ത ചൂട് തുടരും. 25 ,26 തീയതികളില്‍ താപനില നാല് ഡിഗ്രി വരെ ഉയരാനിടയുണ്ട്.

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്നുമണി വരെ എങ്കിലും സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതണം. മുന്നറിയിപ്പ് അവഗണിക്കരുതെന്നും കാലാവസ്ഥാ കേന്ദ്രം കര്‍ശനമായി ഓര്‍മ്മിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more