ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘം അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ ആച്ചാടന്‍ വീട്ടില്‍ മാത്യു ആന്റണിയുടെ ശരീരത്തില്‍ പുതിയ ഹൃദയം സ്പന്ദിച്ചു തുടങ്ങി. മാത്യുവിന് ബോധം തെളിയുകയും ചെയ്തു. അദ്ദേഹം കൈകാലുകള്‍ അനക്കുന്നുണ്ട്.
രണ്ട് ദിവസം കൂടി മാത്യു വെന്റിലേറ്ററില്‍ തുടരും. മാത്യുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൃത്യമായ ഇടവേളകളില്‍ ബോധം തെളിയുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചാലക്കുടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് മാത്യു.
മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് നീലകണ്ഠശര്‍മ്മയുടെ ഹൃദയമാണ് മാത്യുവിനു നല്‍കിയത്. ഈ മാസം ആറിനാണ് കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നീലകണ്ഠന ശര്‍മ്മയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് വെന്ഞറിലേറ്ററില്‍ കഴിഞ്ഞിരുന്നു ശര്‍മ്മയുടെ ആരോഗ്യ നില ജൂലൈ 17നു വഷളായി. 22 ാം തിയ്യതി ശര്‍മ്മയുടെ മസ്തിഷ്‌ക മരണം ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് ശര്‍മ്മയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഡോക്ടര്‍മാര്‍ ബന്ധുക്കളുമായി ചര്‍ച്ച നടത്തി. അവയവദാനത്തിനു ശര്‍മ്മയുടെ ഭാര്യ ലത സമ്മതം അറിയിച്ചതോടെ മറ്റൊരു കുടുംബത്തിന് പ്രതീക്ഷയേകുകയായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിനു പുറമേ വൃക്കയും കരളും കണ്ണും ദാനം ചെയ്തു.
നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലെത്തിച്ചത്. കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ നാവികസേന വിമാനത്താവളത്തില്‍ നിന്ന് പത്തുമിനിട്ടില്‍ താഴെയുള്ള സമയം കൊണ്ടാണ് ലിസി ആശുപത്രിയില്‍ എത്തിച്ചത്.
ശ്രീചിത്രയില്‍ നിന്ന് ആറുമിനിറ്റുകൊണ്ട് ഹൃദയം ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിച്ചു. 6.44 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൃദയവുമായുള്ള ആംബുലന്‍സ് എത്തി. തുടര്‍ന്ന് 6.50ന് എയര്‍ ആംബുലന്‍സ് ഹൃദയവുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു. ഒരു മണിക്കൂര്‍ 17 മിനുട്ട് കൊണ്ടാണ് ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചി ആശുപത്രിയിലെത്തിയത്. വെറും 33 മിനുട്ട് മാത്രമാണ് ഹൃദയമെത്തിക്കാന്‍ വേണ്ടി എയര്‍ ആംബുലന്‍സ് പറന്നത്. രാത്രി 7.45 ഓടെ ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു.