| Friday, 29th January 2016, 11:29 pm

ഇന്ത്യയിലെ ദളിതരുടെ പത്ത് ജീവിത ചിത്രങ്ങളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമൂഹത്തിന്റെ മുഖ്യധാരകളില്‍ നിന്ന് അരികുവത്കരിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും നിരന്തരം അവഗണനകളും ചൂഷണങ്ങളും നേരിടേണ്ടി വരികയും ചെയ്യുന്ന ഒരു വിഭാഗമുണ്ട് ഇന്ത്യയില്‍, ദളിതര്‍. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും ഇന്നും മാറ്റമില്ലാത്ത തുടരുന്ന സാമൂഹികാവസ്ഥകളിലൂടെയാണ് ഓരോ നാട്ടിലേയും കീഴാളരെന്നും ദളിതരെന്നും വിളിക്കപ്പെടുന്നവരുടെ ജീവിതം നീങ്ങുന്നത്.

ഇവിടെയിതാ മുംബൈ നഗരത്തിന്റെ “മനോഹര” ദൃശ്യങ്ങളിലും കഥകളിലും ഒട്ടും പ്രത്യക്ഷപ്പെടുകയും പരാമര്‍ശിക്കുകപ്പെടുകയും ചെയ്യാത്ത ഒരു വിഭാഗത്തിന്റെ ചിത്രങ്ങള്‍. മുംബൈയില്‍ ഇവര്‍ ഒഴിച്ചുകൂടാനാകാത്തവരാണ്. സമൂഹത്തിലെ “വരേണ്യരായവര്‍” കടന്നു ചെല്ലാന്‍ അറയ്ക്കുന്നയിടങ്ങളിലാണ് ഇവരുടെ ആവശ്യം. ഇവരാണ് നമ്മള്‍ പറയാറുള്ള ദളിതര്‍ ഇതാണ് അവരുടെ ജീവിതം.

“എല്ലാവരാലും അവഗണിക്കപ്പെടുന്നവരാണവര്‍” ഈ ചിത്രങ്ങള്‍ പകര്‍ത്തിയ മുംബൈയിലെ ഡോക്യുമെന്ററി ഫോട്ടോഗ്രാഫര്‍ സുധാരക് ഓല്‍വെ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സുധാരക് ഇവരുടെ ജീവതത്തിനൊപ്പമായിരുന്നു. മുംബൈയിലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഗട്ടറുകള്‍ വൃത്തിയാക്കുന്നതും,  മാലിന്യങ്ങള്‍ ശേഖരിക്കുന്നതും കൊണ്ടുപോകുന്നതും തെരുവുകള്‍ അടിച്ചുവാരുന്നതുമെല്ലാം ഇവരാണ്.

ഇവരുടെ ജീവിതനിലവാരത്തോട് കൂടുതല്‍ മാനുഷികമായും നീതിയുക്തമായും സമീപിക്കുന്നതിന് മുനിസിപ്പല്‍ അധികാരികളെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് സുധാരക് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ” ഇന്‍ സെര്‍ച്ച് ഓഫ് ഡിഗ്നിറ്റി ആന്റ് ജസ്റ്റിസ് ” എന്നാണ് ഈ ഡോക്യുമെന്ററിയ്ക്ക് പേരിട്ടിരിക്കുന്നത്.

ആളുകള്‍ യുദ്ധത്തിന് പോകുമ്പോള്‍ അവര്‍ക്ക് ഗാലന്ററി അവാര്‍ഡുകള്‍ നല്‍കുന്നു. എന്നാല്‍ ഓരോ ദിവസവും യുദ്ധം ചെയ്യുന്ന ഇവര്‍ക്ക് ലഭിക്കുന്നത്, രോഗങ്ങളും മാലിന്യങ്ങളും നിര്‍ദ്ദയമായ ജീവിതാവസ്ഥകളും മാത്രമാണെന്ന് 49 കാരനായ സുധാരക് പറയുന്നു.


ഒരിക്കല്‍ അകത്തേക്ക് ഇറങ്ങിയാല്‍ ഈ തോഴിലാളി മുകളിലെ ലോകത്ത് നിന്നും പൂര്‍ണമായും ഒറ്റപ്പെടുന്നു.


മാലിന്യ കുഴലിനകത്തെ അപകടങ്ങള്‍: വിശവാതകം ശ്വസിച്ചുള്ള മരണം, ചെളിയിലേക്ക് ആണ്ട് പോയി ബോധം നഷ്ടമാവുക അല്ലെങ്കില്‍ മാലിന്യത്തിന്റെയും വെള്ളത്തിന്റെയും ഒഴുക്കില്‍ പെട്ടുപോവുക.



മാലിന്യം നീക്കം ചെയ്യുന്നത് ആയാസമേറിയ ജോലിയാണ് അതിനുള്ള ഉപകരണങ്ങള്‍ ഇപ്പോഴും പ്രാകൃതമാണ്.


മാലിന്യനിക്ഷേപ സ്ഥലങ്ങളില്‍ സാധാരണയായി ഒരു കാന്റീന്‍ ഉണ്ടാകാറുണ്ട്. ഇവിടെയാണ് ഒഴിവുസമയങ്ങളില്‍ തൊഴിലാളികള്‍ ഇരിക്കുന്നതും വസ്ത്രം മാറുന്നതും.


വീട്ടുജോലിക്കാരിയാണ് ഈ മൂന്ന് മക്കളുടെ അമ്മ( മുകളില്‍ വലത്), ഒരു സ്‌റ്റെയര്‍കേസിന്റെ ചെറിയൊരു ഭാഗത്താണ് ഇവരുടെ കുടുംബം കഴിയുന്നത്.


വന്‍തോതിലുള്ള മാലിന്യങ്ങള്‍ കോളറ, അതിസാരം, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ്, പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ പടരുന്നതിന് കാരണമാകും.



മാലിന്യം പെരുകുമ്പോഴും അക്ഷീണരായാണ് തൊഴിലാളികള്‍ അവരുടെ ജോലിയെടുക്കുന്നത്.



ചത്തളിഞ്ഞ ജീവികള്‍, ഭക്ഷ്യമാലിന്യങ്ങള്‍, ഇരുമ്പ് കമ്പികള്‍, ആശുപ്ത്രി മാലിന്യങ്ങള്‍, പൈപ്പുകള്‍ കല്ലുകള്‍, പൊട്ടിയ ഗ്ലാസ്, കത്തികള്‍ അങ്ങിനെ നിരവധി മാലിന്യങ്ങളാണ് ഈ തൊഴിലാളികള്‍ കൈകാര്യം ചെയ്യുന്നത്.



മാലിന്യ നിക്ഷേപണ സ്ഥലത്ത് പൊരിവെയിലിലും കനത്ത മഴയിലും ഇവര്‍ക്ക് ജോലിയെടുക്കേണ്ടി വരുന്നു.  

ചിത്രങ്ങള്‍ക്ക് കടപ്പാട് സുധാരക് ഓല്‍വ്

ഈ ആര്‍ട്ടിക്കിള്‍ സ്‌ക്രോളില്‍ നിന്നുള്ളതാണ്.

We use cookies to give you the best possible experience. Learn more