കോട്ടയം: ആദ്യ ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയമാക്കിക്കൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ചരിത്രമെഴുതി.
കേരളത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വിനയകുമാറിന്റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായ വി.കെ പൊടിമോനില്‍ വെച്ചുപിടിപ്പിച്ചത്.
ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്ത മെഡിക്കല്‍ സംഘത്തെ മന്ത്രി വി.എസ് ശിവകുമാര്‍ അഭിനന്ദിച്ചു.
ആരോഗ്യ വകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് വിനയകുമാറിന്റെ ഹൃദയം പൊടിമോന് നല്‍കിയത്. കൂടാതെ വിനയകുമാറിന്റെ കരളും വൃക്കകളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്.
കൊച്ചി ഫാക്ടിലെ കരാര്‍ ജീവനക്കാരനായ വിനയകുമാറിന് ഞായറാഴ്ച ഏലൂരിലുണ്ടായ വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റത്.
എറണാകുളം ലൂര്‍ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിനയകുമാറിന് തിങ്കളാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു.
അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയാറായതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ഹൃദയം സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ പട്ടിക പരിശോധിച്ചതില്‍ നിന്നാണ് ചിറ്റാര്‍ സ്വദേശിയായ പൊടിമോന് ഇത് യോജിക്കും എന്ന് കണ്ടെത്തിയത്.
പൊടിമോന്റെ രക്തവുമായി ക്രോസ് മാച്ച് നടത്തി അനുയോജ്യമെന്നുള്ള റിപ്പോര്‍ട്ട് അമൃതാആശുപത്രിയില്‍ നിന്നു രാത്രി ലഭിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിനയകുമാറിന്റെ ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ അര്‍ധരാത്രിയോടെ ലൂര്‍ദില്‍ ആരംഭിച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. മൂന്നേകാലോടെ ഹൃദയംസൂക്ഷിച്ച പെട്ടിയുമായി ഡോക്ടര്‍മാര്‍ കോട്ടയത്തേക്ക് ആംബുലന്‍സില്‍ യാത്ര തിരിച്ചു. നാലരയോടെ കോട്ടയം മെഡിക്കല്‍ കോളജിലെത്തി.
ഒട്ടും വൈകാതെ പൊടിമോന്റെ ശരീരത്തില്‍ ഹൃദയം തുന്നിപ്പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. എട്ട് മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു