'ഹൃദയത്തിന് സമയമറിയില്ല'; ഉമര്‍ ഖാലിദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുനാല്‍ കമ്ര
national news
'ഹൃദയത്തിന് സമയമറിയില്ല'; ഉമര്‍ ഖാലിദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുനാല്‍ കമ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2025, 8:19 am

ന്യൂദല്‍ഹി: തീഹാര്‍ ജയില്‍ നിന്ന് പുറത്തിറങ്ങിയ ഉമര്‍ ഖാലിദിന്റെ ആദ്യ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊമേഡിയനായ കുനാല്‍ കമ്ര. ‘ഹൃദയത്തിന് സമയമറിയില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഉമര്‍ ഖാലിദിനെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രം കുനാല്‍ കമ്ര പങ്കുവെച്ചത്. ഉമര്‍ ഖാലിദിന്റെ കുടുംബത്തിലെ ഒരു കല്യാണത്തിനെത്തിയപ്പോഴാണ് ചിത്രം എടുത്തതെന്നാണ് സൂചന.

ചിത്രത്തിനോട് ബോളിവുഡ് നടി റിച്ച ഛദ്ദ അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ത്ഥി നേതാവ് കൂടിയായ ഉമര്‍ ഖാലിദ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യു.എ.പി.എ ചുമത്തപ്പെട്ട് വര്‍ഷങ്ങളായി ജയിലിലാണ്.

ഡിസംബര്‍ 18 ന് ദല്‍ഹിയിലെ സിറ്റി കോടതി കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഉമര്‍ ഖാലിദ് 10 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടപ്പോള്‍, ചില വ്യവസ്ഥകളോടെ ഏഴ് ദിവസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് വരെയാണ് ജാമ്യ കാലാവധി. ജാമ്യത്തിലിറങ്ങിയാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ മാത്രമേ സാധിക്കൂ എന്നീ വ്യവസ്ഥകളും കോടതി അദ്ദേഹത്തിന് മുന്നില്‍ വെച്ചിരുന്നു.

ജാമ്യ കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്ന് (ജനുവരി മൂന്ന്) വൈകിട്ട് ജയിലില്‍ കീഴടങ്ങണം.

2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്തംബര്‍ 13 മുതല്‍ ഉമര്‍ ഖാലിദ് നാല് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രതിഷേധത്തില്‍ 2020ല്‍ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ സംഘര്‍ത്തിനിടെ അക്രമത്തിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

2022 ഒക്ടോബറില്‍ ദല്‍ഹി ഹൈക്കോടതി ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിന്നീട് തന്റെ പ്രത്യേക അവധി ഹരജി (SLP) പിന്‍വലിച്ചു.

ഈ വര്‍ഷം ആദ്യം, വിചാരണ കോടതി അദ്ദേഹത്തിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. രണ്ടാം ജാമ്യാപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്ത് അദ്ദേഹം നല്‍കിയ അപ്പീല്‍ ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Content Highlight: ‘Heart knows no concept of time’ Comedian Kunal Kamra shares picture with Umar Khalid