| Saturday, 8th June 2019, 3:24 pm

തെരഞ്ഞെടുപ്പിന് ശേഷം ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം കേള്‍ക്കുന്നത് ഇവിടെ വെച്ച്; വയനാട്ടുകാരോട് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം കേള്‍ക്കുന്നത് വയനാട്ടില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുന്‍പായി പ്രവര്‍ത്തകര്‍ ഒന്നടങ്കം ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം മുഴക്കിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ മുദ്രാവാക്യം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. ഈ വയനാട്ടില്‍ വെച്ചാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോദി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

ദേശീയതലത്തില്‍ നമ്മള്‍ പോരാടുന്നത് വിഷത്തിനെതിരെയാണ്. മിസ്റ്റര്‍ നരേന്ദ്രമോദി വിഷം ഉപയോഗിക്കുന്നു. ഞാന്‍ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. മോദി രാജ്യത്തെ വിഭജിക്കാനായി വിഷം ഉപയോഗിക്കുകയാണ്. അദ്ദേഹം രാജ്യത്തെ വിഭജിക്കാന്‍ രോഷം ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അദ്ദേഹം കള്ളം പറയുന്നു, രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് എന്നും സത്യത്തിനും സ്‌നേഹത്തിനും ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ്. മോദിയുടെ വര്‍ഗീയതയ്ക്കും വിദ്വേഷ പ്രചരണത്തിനെതിരെയും തുടര്‍ന്നും പോരാടും.

വയനാട്ടിലെ ഓരോ വ്യക്തിക്കുമായി തന്റെ വാതില്‍ തുറന്നുകിടക്കുമെന്നും വയനാട് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞു.

കല്‍പ്പറ്റയിലെ റോഡ് ഷോയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ലോക്സഭാ തെരഞ്ഞെുപ്പിന് ശേഷം ആദ്യമായാണ് രാഹുല്‍ തന്റെ മണ്ഡലമായ വയനാട്ടില്‍ എത്തുന്നത്.

ഇന്ന് രാവിലെ പ്രതിനിധി സംഘങ്ങളുമായുള്ള കൂടികാഴ്ച്ചക്കായി വയനാട് കളക്ട്രേറ്റില്‍ എത്തിയ ശേഷമായിരുന്നു റോഡ് ഷോ. വിവിധ സംഘങ്ങളില്‍ നിന്നും രാഹുല്‍ നിവേദനം സ്വീകരിച്ചു. രാഹുലിന്റെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ദിവസമാണിന്ന് .

ഇന്ന് ആറ് ഇടങ്ങളില്‍ രാഹുല്‍ റോഡ് ഷോ നടത്തും. ഇന്നലെ കേരളത്തില്‍ എത്തിയ രാഹുലിന് മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ ആയിരുന്നു ആദ്യ സ്വീകരണം, വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി. രാഹുല്‍ എത്തിയപ്പോള്‍ മണ്ഡലത്തില്‍ ഉടനീളം കോരിച്ചൊരിയുന്ന മഴയായിരുന്നു. മഴ സ്വീകരണ കേന്ദ്രത്തിലെ പങ്കാളിത്തത്തെ ബാധിച്ചതേയില്ല. കാളികാവിലും വന്‍ജനപങ്കാളിത്തമാണ് സ്വീകരണത്തിനുണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more