നൈനിത്താള്‍: ആസിഡ് ആക്രമണ കേസുകളില്‍ ദിവസവും വാദം കേള്‍ക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ വിചാരണ കോടതികള്‍ക്കുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം കേസുകളുടെ വിചാരണ മൂന്ന് മാസത്തിനകം തീര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടു.
Also Read: കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരെ പശുസംരക്ഷകര്‍ അക്രമിച്ചു
2009 ഡിസംബറില്‍ ആസിഡ് ആക്രമണത്തിന് ഇരയായ റൂര്‍ക്കിയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ആസിഡ് ആക്രമണ കേസുകള്‍ കൂടാതെ ലൈംഗികാതിക്രമ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളിലും ഈ നിര്‍ദ്ദേശം പിന്‍തുടരണമെന്ന് ഹൈക്കോടതി പറഞ്ഞു.
അഥവാ മൂന്ന് മാസം കൊണ്ട് വിചാരണ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിചാരണ കോടതി രേഖപ്പെടുത്തി വെയ്ക്കണമെന്നും ജസ്റ്റിസ് രാജീവ് ശര്‍മ്മയും ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ്മയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ ആസിഡ് ആക്രമണത്തിന്റെ ഇരയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും തുടര്‍ന്ന്, മൂന്നും നാലും തലത്തിലുള്ള പരുക്കേറ്റവര്‍ക്ക് പ്രതിമാസം 7,000 രൂപ വീതവും ഒന്നും രണ്ടും തലത്തില്‍ പരുക്കേറ്റവര്‍ക്ക് പ്രതിമാസം 5,000 രൂപയും വീതവും നല്‍കണമെന്നും കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. ഇത് കൂടാതെ വിചാരണ വേളയില്‍ ആക്രമണത്തിന്റെ ദൃക്‌സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാനും കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.