| Sunday, 12th May 2019, 2:00 pm

കുട്ടികളെ ആരോഗ്യവാന്മാരാക്കാന്‍ ചില നാടന്‍ ഭക്ഷണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുട്ടികളുടെ ആരോഗ്യം എങ്ങിനെയൊക്കെ ഉറപ്പുവരുത്താനാകുമെന്ന ചിന്തയാണ് ഓരോ രക്ഷിതാക്കള്‍ക്കും. കുട്ടികളുടെ ആരോഗ്യത്തിന് കളിയും ഭക്ഷണവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. തൂക്കകുറവോടെ ജനിക്കുന്ന കുട്ടികളാണ് നമ്മുടേതെങ്കില്‍ വളരെയധികം ഇവരുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം.

കാരണം പല ആരോഗ്യപ്രശ്‌നങ്ങളും വളര്‍ച്ചാ പ്രശ്‌നങ്ങളും നേരിട്ടേക്കാം. ഇതിന് പരിഹാരമായി നമ്മള്‍ പരസ്യങ്ങളില്‍ കാണുന്ന സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ വാങ്ങി നല്‍കുകയാണ് പതിവ്. എന്നാല്‍ ഈ രീതി ഒഴിവാക്കുകയാണ് വേണ്ടത്. പകരം നമ്മുടെ വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കി നല്‍കാവുന്ന പല ആരോഗ്യകരമായ ഭക്ഷണങ്ങളുമുണ്ട്. ഇവ ആരോഗ്യവും സുരക്ഷയും ഒരുപോലെ ഉറപ്പുനല്‍കുന്നു.

നിലക്കടല
കുട്ടികള്‍ക്ക് ആരോഗ്യം ഉറപ്പാക്കാന്‍ പതിവായി സ്‌നാക്ക്‌സായി നല്‍കാവുന്ന ഒന്നാണ് നിലക്കടല. തൂക്കകുറവുള്ള കുട്ടികള്‍ക്ക് നിലക്കടല പുഴുങ്ങി നല്‍കുന്നതാണ് കൂടുതല്‍ ഉചിതം. ഇവ പുഴുങ്ങിയ ശേഷം കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് ചേര്‍ത്ത് നല്‍കിയാല്‍ വൈകീട്ട് ചായക്കൊപ്പം ബേക്കറി പലഹാരങ്ങളും ഒഴിവാക്കാം. സ്വാദും ആരോഗ്യവും ഒരുപോലെ ഉറപ്പുവരുത്താവുന്ന ഒന്നാണിത്. നിലക്കടല ഉപയോഗിച്ച് പീനട്ട് ബട്ടര്‍ ഉണ്ടാക്കി നല്‍കിയാല്‍ അതും വളരെ നല്ലതാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.

നട്ട്‌സ് ജ്യൂസ്
ബദാം,പിസ്ത,കശുവണ്ടി തുടങ്ങിയവ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം പാലില്‍ അരച്ച് ജ്യൂസാക്കി നല്‍കാം.

ധാന്യപ്പൊടി
നട്ട്‌സും നിലക്കടലയും ചെറുപയറും ചേര്‍ത്ത് വറുത്ത് പൊടിച്ച് ധാന്യപ്പൊടിയാക്കി വെച്ച് ചായക്കൊപ്പം നല്‍കാം.

ഉണക്കമുന്തിരി നെയ്യില്‍ വറുത്തത്
ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കിച്ചടി പോലുള്ള വിഭവങ്ങളില്‍ പശുവിന്‍ നെയ്യില്‍ മുന്തിരി വറുത്ത് ചേര്‍ത്ത് നല്‍കാം. ഇത് തൂക്കകൂടാം ഉപകരിക്കും.

മുട്ടയും പാലും

മുട്ടയും പാലും കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. പ്രോട്ടീനും പോഷകങ്ങളും ധാരാളം അടങ്ങിയിരിക്കുന്ന ഇവ രണ്ടും ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

നേന്ത്രപഴവും നെയ്യും
നെയ്യില്‍ വറുത്ത നേന്ത്രപ്പഴം കുട്ടികള്‍ക്ക് വളരെ നല്ലതാണ്. ഇവ കുട്ടികളിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. നേന്ത്രപ്പഴവും നെയ്യും പതിവായി നല്‍കാവുന്നതാണ്. നെയ്യ് വെറുംവയറ്റില്‍ നല്‍കുന്നതും തൂക്കകുറവും ഉന്മേഷമില്ലായ്മയും ഇല്ലാതാക്കാന്‍ ഉപകരിക്കും. ചെറിയ ഉള്ളി നെയ്യില്‍ വറുത്ത് ചോറിലും കിച്ചടിയിലുമൊക്കെ ചേര്‍ത്ത് നല്‍കാവുന്നതാണ്.

We use cookies to give you the best possible experience. Learn more