| Sunday, 7th April 2019, 1:35 pm

എന്റെ സ്ത്രീകളെ നിങ്ങളോടാണ്...ദീര്‍ഘ ദൂര യാത്രക്കിടെ ആര്‍ത്തവ സമയത്ത് പാഡിനൊപ്പം ടിഷ്യൂപേപ്പര്‍ ഉപയോഗിക്കേണ്ടിവന്നപ്പോള്‍; യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ സ്ത്രീകളെ നിങ്ങളോടാണ്….എന്ന് തുടങ്ങുന്ന വാചകത്തോടെ ദീര്‍ഘ ദൂര യാത്രക്കിടയില്‍ അപ്രതീക്ഷിതമായി ആര്‍ത്തവം ഉണ്ടായപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവം ഫേസ്ബൂക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് ജാനകി രാജേഷ്.

ബാഗ്ലൂരില്‍ നിന്നും എറണാകുളത്തേക്കുള്ള ബസ് യാത്രക്കിടയില്‍ ആര്‍ത്തവം ഉണ്ടാവുകയും എന്നാല്‍ കയ്യിലുണ്ടായിരുന്ന പാഡിനൊപ്പം ടിഷ്യൂ പേപ്പര്‍ കൂടി ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ഇതില്‍ ജാനകി കുറിക്കുന്നു.

ഇതിനോടൊപ്പം ജാനകിയുടെ ഡ്രസില്‍ രക്തക്കറ കണ്ട വിദേശി ദമ്പതികളുടെ പക്വതയാര്‍ന്ന പെരുമാറ്റവും ഒപ്പം മറ്റ് യാത്രക്കാരുടെ നോട്ടത്തെക്കുറിച്ചും ജാനകി എഴുതുന്നു.

ഫേസ്ബൂക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

എന്റെ സ്ത്രീകളേ നിങ്ങളോട്….
________________________________

ഒരുപാടാലോചിച്ച് ഒരു പോസ്റ്റ് ഇടുന്നത് ഇതാദ്യമായിട്ടാണ്,,, സ്ത്രീകളെ ഉദ്ദേശിച്ചുള്ളതായത്കൊണ്ട്, സൗഹൃദ ലിസ്റ്റിലെ പുരുഷൻമാരെ എല്ലാവരേയും hide ചെയ്‌തേക്കാം എന്ന് വിചാരിച്ചാൽ അത് പ്രാക്ടിക്കലാക്കാൻ അത്ര എളുപ്പമല്ല.. അതിന്റെ ആവശ്യവുമില്ല,,എല്ലാ പുരുഷൻമാരും ഏതൊക്കെയോ സ്ത്രീകളുടെ അച്ഛനോ, മകനോ, സഹോദരനോ ഒക്കെ ആയിരിക്കുമല്ലോ, പിന്നെന്തിന് മറച്ചുവയ്ക്കണം…?

ആർത്തവ, സ്വയംഭോഗ,ചുംബന സമരാഘോഷങ്ങളിൽ ഭാഗഭക്കാവണമെന്ന് തോന്നിയിട്ടില്ല, പക്ഷേ, അത്തരം മാറ്റങ്ങൾ ഓരോരുത്തരും സ്വന്തം വീട്ടിൽ നിന്നും തുടങ്ങിയിട്ട് തെരുവിലിറങ്ങിയാൽ പോരെയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… അതുപോലുള്ള
സ്വകാര്യ വിഷയങ്ങൾഎഴുതാനുള്ള ഒരു സാഹചര്യം വന്നിരുന്നില്ല ഇതുവരെ,,,,.. പക്ഷേ ഇപ്പോൾ എന്റെ സ്ത്രീകളേ എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.. അപ്പോൾ വിഷയം സ്വകാര്യമാവുകയും ചെയ്യും എന്നതാണ്….
സ്വന്തം ശരീരത്തിന്റെ ചതി, വിചാരിച്ചിരിക്കാത്ത നേരത്ത്, ഏൽക്കുന്ന കൂട്ടരാണ് സ്ത്രീകൾ,,, നിങ്ങളോട് എനിക്കിത് പറഞ്ഞേ പറ്റു താനും,,,,

ബാഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള അപ്രതീക്ഷിതമായ ബസ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസം.., മടിവാളയിൽ നിന്ന് എറണാകുളം വൈറ്റില വരെ 11-12 മണിക്കൂറാണ്,, മൈസൂർ വഴിയെങ്കിൽ അത് 13-14 മണിക്കൂറാകും,, പെട്ടെന്ന് വന്ന അത്യാവശ്യമായത് കൊണ്ട്, മൈസൂർ വഴിയുള്ള ബസ് ബുക്ക് ചെയ്ത് കയറി, അതേ കിട്ടിയുള്ളു, ഏപ്രിൽ മാസത്തിൽ ഫ്ലൈറ്റ് ചാർജ് സാധാരണയിലും ഇരട്ടിയാണ്.. രാത്രി 7.30 ന് ബസ് സ്റ്റാർട്ട് ചെയ്ത് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ, കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ ശരീരം തനിനിറം കാണിച്ചു,, കണക്കു കൂട്ടിയാൽ പിന്നെയും 10 ദിവസങ്ങളുണ്ട്,,,,,ട്രെയിൻ ആയിരുന്നെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ, അറിയിക്കാതെ മാനേജ് ചെയ്യാവുന്ന കാര്യം… പക്ഷേ ഇത് ബസാണ്, രാത്രി വൈകിയിരിക്കയും,, വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത സഹയാത്രികരും… എനിക്കൊരാൾക്ക് വേണ്ടി ഇവർ എവിടെയെങ്കിലും ബസ്സ് നിർത്തിത്തരുമോ,, പറഞ്ഞാലവർക്ക് ഈർഷ്യയാകുമോ എന്നൊക്കെ ചിന്തിച്ച് സമയം പൊയ്ക്കൊണ്ടിരുന്നതല്ലാതെ അതൊന്നും പ്രാവർത്തികമാക്കാനുള്ള മനസ്ഥൈര്യമില്ലാതെ ഇരുന്നു,,,, കുറച്ചു കഴിഞ്ഞപ്പോൾ തനിനിറം ശരീരവും കഴിഞ്ഞ് ഡ്രസ്സിലേക്ക് വരുമെന്ന ഭീതിയിലായി,, ഇനിയും മണിക്കൂറുകളാണ് ബാക്കി, നാട്ടിലെത്താൻ.. 7.30 ന് പുറപ്പെട്ട ബസ് ഭാഗ്യത്തിന് 10.30 കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ എവിടെയോ നിർത്തി,, ചാടിയിറങ്ങി അവിടെ കണ്ട pay and use ടോയ്‌ലറ്റിൽ പോയി ബാഗിൽ ഉണ്ടായിരുന്ന ഒരു പാഡ് ഉപയോഗിച്ചു (സ്ഥിരമായി ഒരെണ്ണം ഉണ്ടാകും) ഇനിയും മുന്നിലുള്ള മണിക്കൂറുകൾ മുന്നിൽ കണ്ട് ബാഗിലുണ്ടായിരുന്ന ടിഷ്യൂപേപ്പർ മുഴുവനും കൂടി പാഡിനൊപ്പം എടുത്തു വച്ചു… എനിക്കു വേണ്ടി മാത്രമായി ആരെയും ബുദ്ധിമുട്ടിക്കേണ്ടി വന്നില്ലല്ലോ എന്നോർത്തുള്ള സമാധാനവുമുണ്ടായിരുന്നു.. അതിനു ശേഷമാണ് ഒന്ന് ആശ്വാസത്തോടെ, ഉറപ്പോടെ ബസ്സിൽ ഇരുന്നത്….

മൊബൈൽ ചാർജ്ജ് ഏകദേശം തീരാറായിരുന്നു,, സാധാരണ സീറ്റിന്റെ സൈഡിൽ തന്നെ താഴെയായി ചാർജ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവാറുണ്ട്,, ഇത് ഉണ്ടെങ്കിലും ഒന്നും വർക്ക് ചെയ്യുന്നില്ല,, പകരം ഏറ്റവും മുന്നിൽ ഡ്രൈവറുടെ പുറകിലായി മൂന്നുനാല് ഫോൺ ഒരുമിച്ച് ചാർജ്ജ് ചെയ്യാനുള്ളത് ഒരുക്കി വച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് കൊണ്ടു പോയി ചാർജ്ജ് ചെയ്യാം,, അവിടെ കൊണ്ടുപോയി ചാർജ്ജാവാൻ വച്ചു,, രാത്രിയാത്രയായത് കൊണ്ട് അമ്മ ഇടയ്ക്കിടക്ക് വിളിക്കുന്നുണ്ട്, അതെനിക്ക് സീറ്റിലിരുന്ന് കേൾക്കാം,, ആ അവസ്ഥയിൽ എഴുന്നേറ്റ് ചെന്ന് നോക്കിയപ്പോഴൊക്കെ എന്റെ ഡ്രസ്സിനെക്കുറിച്ച് ഞാൻ ശ്രദ്ധാലുവായിരുന്നു,, വേണ്ട രീതിയിലുള്ള സുരക്ഷിതത്വം ആയിട്ടില്ല എന്ന ബോധം നന്നായുണ്ടായിരുന്നു.. രാത്രിയായിട്ടും ലൈറ്റ് ഓഫ് ചെയ്യാതെയും ഉറങ്ങാതെയും ഇരിക്കയാണ് ചിലർ. മനസ്സിലൊരു അങ്കലാപ്പോടെയാണ് ബസ്സിന്റെ മുന്നിൽ ചെന്ന് ഫോൺ നോക്കുന്നത്.. ഞാൻ വിളിച്ചോളാം ഉറങ്ങിക്കോളു എന്ന് പറഞ്ഞിട്ടും അമ്മയുടെ മൂന്നാമത്തെ കോൾ വന്നപ്പോൾ സഹികെട്ട് (ആ അവസ്ഥ കൊണ്ടാണ്)സ്വിച്ച് ഓഫ് ചെയ്യാമെന്നുറച്ച് പിന്നെയും ചെന്നു,,, ഫ്രണ്ട് സീറ്റിൽ രണ്ട് വിദേശ ദമ്പതികളായിരുന്നു,, അവരുടെ തൊട്ടു മുന്നിലാണ് ചാർജ് ചെയ്യുന്ന ഇടം. ബസ്സിന്റെ ചലനം കൊണ്ട് പിടിച്ചു നിന്നും, ചാരിനിന്നുമൊക്കെയാണ് ഫോൺ ഓഫ് ചെയ്ത് പിന്നെയും ചാർജ്ജിലിട്ടത്.. തിരിഞ്ഞപ്പോൾ ദമ്പതികളിലെ പുരുഷൻ ചോദിക്കുന്നു

” Ma”m are you in your menstruation…?

ആകെ ആവിയായിപ്പോയ നിമിഷം..!! എന്നാലും പറഞ്ഞു,,
” Ya.. ” പകപ്പ് നിറഞ്ഞ ചോദ്യം പോലെ ആയിപ്പോയിരുന്നു ആ ya പറച്ചിൽ..

“There is something on your back ”

എന്താണ് പറയേണ്ടതും ചെയ്യേണ്ടതും എന്നറിയാതെ പതറിപ്പോയി,, ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങിനെ ഒരനുഭവം,,.

sorry എന്നു പറഞ്ഞു,, എന്തിനാണ് ഞാനത് പറഞ്ഞതെന്ന് എനിക്കുതന്നെ അറിയില്ല

എന്റെ അവസ്ഥ കണ്ടിട്ടാവണം കൂടെയുണ്ടായിരുന്ന സ്ത്രീ പ്രത്യേക ഈണത്തിൽ പറഞ്ഞു

“Hey don”t worry ,, be cool ma”m, no need for tension..Take care, ok?”

അവരെന്റെ കയ്യിൽ തൊട്ടാണത് പറഞ്ഞത്. പെട്ടെന്ന് ഒരു കരച്ചിലാണ് പൊങ്ങി വന്നത്, പക്ഷേ കണ്ണ് നിറയാതെ പിടിച്ചു നിന്നു,,,, ആ സ്ത്രീ കുറച്ചു നേരം കൂടി എന്നെ തൊട്ടു സംസാരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. അത്രയും ഒറ്റയാവുന്ന സമയത്ത് ഒരു വിരൽ തുമ്പു കിട്ടുമ്പോഴുള്ള സമാധാനമുണ്ടല്ലോ,,, അതു നമ്മളെ എത്ര അടക്കി വച്ചാലും കരയിക്കും,,

തിരിച്ച് സീറ്റിലേക്ക് നടന്നപ്പോൾ സൈഡ് സീറ്റിലിരുന്നിരുന്ന സ്ത്രീകളിൽ ഗൂഢമായ ചിരി കണ്ടു,, അവർ നേരത്തേ കണ്ടിരുന്നു എന്ന് എനിക്ക് മനസ്സിലായി.. പുരുഷൻമാരുടെ മുഖത്തേക്ക് നോക്കിയതേയില്ല..

ചില മനുഷ്യരുടെ സദാചാരമൗനം, അല്ലെങ്കിൽ ദുരഭിമാനമൗനം എത്ര തരംതാണതെന്ന് ഞാൻ അനുഭവിച്ച് മനസ്സിലാക്കുകയായിരുന്നു… ഒരു സ്ത്രീയ്ക്ക് മാത്രം സംഭവിക്കാവുന്ന നിസ്സഹായാവസ്ഥയെ, ഗൂഢമായൊരു ചിരിയിലൊതുക്കി മൗനമാചരിച്ച് ഇവരൊക്കെ എവിടേയ്ക്കാണ് യാത്ര ചെയ്യുന്നത്,,,? രഹസ്യമായൊന്ന് തൊട്ടറിയിക്കാതെ, കണ്ണുകൾ കൊണ്ടൊന്ന് സൂചിപ്പിക്കാതെ ഒരവസ്ഥയെ ആസ്വദിക്കുമ്പോൾ അവരവരുടെ ഉള്ളിലും ഒരു ഗർഭപാത്രമുണ്ടെന്ന് മറന്നുകളയുന്ന ചില സ്ത്രീകൾ,, സ്വന്തം സ്ത്രീകൾക്കും ഗർഭപാത്രമുണ്ടെന്ന് മറന്നുകളയുന്ന ചില പുരുഷൻമാർ,,,

തിരിച്ചു സീറ്റിലെത്തി, മാറ്റി ധരിക്കാൻ എടുത്തിരുന്ന കറുത്ത ചുരിദാറിന്റെ ടോപ്പെടുത്ത് ധരിച്ചിരുന്നതിന്റെ മീതെ തന്നെ ഇട്ടു,,, വീടെത്തണമല്ലോ,, ഒന്നിനേയും, ഒരാളേയും വിശ്വസിക്കരുത് എന്ന പോലെ സ്വന്തം ശരീരത്തേയും വിശ്വസിക്കരുതെന്ന് സ്വയം പറഞ്ഞു പഠിക്കേണ്ട പാഠം സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് എത്ര വൈകിയാണ് ഞാൻ മനസ്സിലാക്കിയത്,,, വിശ്വാസം ,അതല്ലേ എല്ലാം എന്നു പറയുമ്പോൾ വിശ്വാസം, അതാണ് ഒന്നുമല്ലാത്തത് എന്നു പറയാൻ തോന്നുന്നു,

നാട്ടിലേക്കുള്ള എന്റെ യാത്രയുടെ ഉദ്ദേശലക്ഷ്യം കഴിഞ്ഞ് തിരികെ ബാഗ്ലൂർ എത്തി.. പക്ഷേ അപ്പോഴേയ്ക്കും മറ്റൊരു പ്രശ്നം ആരംഭിച്ചിരുന്നു,, പാഡ് ഉപയോഗിച്ചതിനു ശേഷം പതിവില്ലാത്ത വിധം സഹിക്കാനാവാത്ത നീറ്റലും വേദനയും… എന്താണെന്ന് വ്യക്തമല്ലാത്ത ഡിസ്ചാർജ്ജും എന്താണ് കാരണമെന്ന് വ്യക്തമല്ലാതെ മാനസികമായും ശാരീരികമായും കഷ്ടപ്പെട്ടു,,.സമയം പോവും തോറും നീര് വന്ന് ഇരിക്കാൻ പോലും പറ്റാത്തഅവസ്ഥയിലായി,, രഹസ്യമായ ആരോഗ്യ പ്രശ്നങ്ങളിൽ സ്ത്രീകളുടെ ആദ്യ ഡോക്ടർ എന്നും അമ്മയാണല്ലോ,, ഞാനും അമ്മയെ തന്നെ വിളിച്ചു,,

ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനുള്ള ശകാരം കഴിഞ്ഞ് പറഞ്ഞു, ഉറപ്പായും യൂറിൻ ഇൻഫക്ഷനാണ് ഞെരിഞ്ഞിൽ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കൂ എന്ന്,,ബാഗ്ലൂർ എവിടെയാണ് ഞെരിഞ്ഞിൽ കിട്ടുക, !!?, അഥവാ ഉണ്ടെങ്കിൽ തന്നെ ഇവിടെ എന്താണതിനു പറയുക !!? ഞാൻ കണ്ണുമിഴിച്ചു,, എന്നാൽ ജീരകമെങ്കിലും ഇട്ട് തിളപ്പിച്ചവെള്ളം കുടിച്ചു കൊണ്ടേയിരിക്ക് എന്നായി അമ്മ..

വെള്ളം കുടിച്ച് വയറുനിറച്ച് ഒരു ദിവസം കൂടി കഴിച്ചുകൂട്ടി,,, പക്ഷേ പ്രശ്നത്തിന് ഒരു കുറവും ഇല്ല, കൂടിയതല്ലാതെ.. മകൾ പഠിക്കുന്ന ഈസ്റ്റ് പോയന്റ് കോളേജിന്റെ, ഹോസ്പിറ്റലാണ് അടുത്തുള്ളത്,, അവിടെ ലേഡിഗൈനക്കോളജിസ്റ്റ് ഉണ്ടോ എന്നന്വേഷിച്ചു, ഒരു Dr കലാവതി ഉണ്ടെന്നറിഞ്ഞ നിമിഷം തന്നെ ചെന്നു,,,, രണ്ടുകിലോമീറ്ററിനുള്ളിലാണ് ഈസ്റ്റ് പോയന്റ് ഹോസ്പിറ്റൽ.. അപ്പോഴേയ്ക്കും ഞാൻ രോഗാവസ്ഥ കൊണ്ട് അവശയായിക്കഴിഞ്ഞിരുന്നു,,, വേദനിച്ചാൽ പബ്ലിക്കായി ഒന്ന് അമർത്തിപ്പിടിക്കാവുന്ന ഇടമല്ല എന്ന നിസ്സഹായാവസ്ഥ – പല്ല് കടിച്ചുപിടിച്ചും, മകളുടെ കയ്യിൽ പോറൽ വീണുപോവുന്ന വിധം മുറുക്കെപ്പിടിച്ചും ഒതുക്കി,,

എന്റെ അവസ്ഥ കണ്ടിട്ടാവണം, എനിക്കു കിട്ടിയ ടോക്കൺ നമ്പർ 13 ആയിട്ടും രണ്ടാമതായി നേഴ്സ് എന്നെ വിളിച്ചു കയറ്റി..

അസാധാരണമായി എന്തെങ്കിലും ഉണ്ടായോ എന്ന് ഡോക്ടർ അന്വേഷിച്ചു, സാധാരണ ഉപയോഗിക്കുന്ന വെള്ളം, സോപ്പ്,ബാത്ത് ടൗവ്വൽ, എന്നിങ്ങനെ,,, പക്ഷേ ഒന്നുമില്ല,

“പിന്നെന്താണ് പുതിയ ഇന്നർവിയർ വാഷ് ചെയ്യാതെ ഉപയോഗിച്ചിരുന്നോ…?”

” ഇല്ല.. ”

ok വരൂ നോക്കട്ടെ എന്നു പറഞ്ഞ്, നീണ്ടുനിന്ന, വേദനാജനകമായ, പരിശോധനയ്ക്ക് ശേഷം
കടുത്ത ഇൻഫക്ഷനാണെന്നും പക്ഷേ കാരണം എന്താണെന്നറിയാത്തത് കൊണ്ട് സ്കാൻ ചെയ്യണമെന്നും, അത്, സാധാരണ സ്കാനും Sonohysterography യും വേണമെന്ന് പറഞ്ഞു..വേറെ ഒന്നു രണ്ടു ടെസ്റ്റുകൾ കൂടെ പറഞ്ഞു….

ഞാനെല്ലാറ്റിനും റെഡിയായിരുന്നു,,, ആ അവസ്ഥയൊന്നു മാറി കിട്ടിയാൽ മതിയെന്ന ഒറ്റവിചാരമേ ഉണ്ടായുള്ളു.

ടേബിളിൽ നിന്നെഴുന്നേറ്റ് ഡോക്ടറുടെ മുന്നിലിരുന്ന്, ബസ് യാത്രയിൽ നിനച്ചിരിക്കാതെ പിരീഡ്സ് ഉണ്ടായതും, പബ്ലിക് ടോയ്ലറ്റിൽ പോവേണ്ടി വന്നതും, പാഡിനൊപ്പം ടിഷ്യൂ പേപ്പർ വച്ചതും പറഞ്ഞു,,

“..what..!!??” ഡോക്ടർ എഴുതിക്കൊണ്ടിരുന്ന പേന അവിടെ ഇട്ട് എന്നെ തലയുയർത്തി നോക്കി,,
ടിഷ്യൂ പേപ്പറോ എന്ന് വീണ്ടും വീണ്ടും ചോദിച്ചു,,, അതേയെന്ന് പറഞ്ഞു,,

“നീ എന്താണ് ചെയ്തത്, ഒരു ടെസ്റ്റും വേണ്ട, സ്കാനുംവേണ്ട,,, നിനക്കറിയാമോ,, ടിഷ്യു, പേപ്പർ പൾപ്പ് കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിലും, അതിന്റെ കളറിനു വേണ്ടിയും, സോഫ്റ്റ്നസ്സിനു വേണ്ടിയും, കൂടുതൽ ഈർപ്പം വലിച്ചെടുക്കാൻ വേണ്ടിയും കെമിക്കൽസ് മിക്സ് ചെയ്തിട്ടുണ്ട്.. വെറുതെ ഒന്ന് ഉപയോഗിച്ച് കളയേണ്ട ആ പേപ്പർ നീ മണിക്കൂറുകളോളമാണ് സെൻസിറ്റീവായ പ്രൈവറ്റ് ഏരിയയിൽ യൂസ് ചെയ്തത്,, എന്തൊരു അബദ്ധമാണ് ചെയ്തത്,,, ഇതിനപ്പുറം നിനക്ക് പറ്റിയില്ലെങ്കിലേ അത്ഭുതമുള്ളു,, മറ്റൊന്ന് ഇത് എല്ലാവർക്കും എപ്പോഴും പ്രശ്നമാവണമെന്നും ഇല്ല,, പക്ഷേ എപ്പോ വേണമെങ്കിലും പ്രശ്നമാവാം,,” ശാസനയുടെ സ്വരത്തിലാണ് ഡോക്ടർ അത്രയും പറഞ്ഞത്,, എന്നിട്ടും,,, അജ്ഞത കൊണ്ട് അബദ്ധം പറ്റിയ ഒരുവളോടുള്ള സഹതാപം ആ മുഖത്തുണ്ടായിരുന്നു..

എനിക്കൊന്നും പറയാനുണ്ടായില്ല,, അല്ലെങ്കിൽ തന്നെ എന്താണ് പറയേണ്ടത്,,?

പുറമേയുള്ള ട്രീറ്റ്മെന്റിന്റെ സമയം കഴിഞ്ഞു പോയ അവസ്ഥയിലാണ് ഞാനെന്ന് ഡോക്ടർ പറഞ്ഞു,, പകരം ഇതേയുള്ളു ഇനി വഴി എന്നു പറഞ്ഞ് ഇൻസേർട്ട് ചെയ്യാനുള്ള tablet * Candid – CL * ( clindamycin and clotrimazole vaginal Sappositories) എഴുതിയിട്ട് ഉപയോഗിക്കേണ്ട രീതിയും, തവണകളും വിശദമായി പറഞ്ഞു തന്നു,,,
രണ്ടു മൂന്നു തവണത്തെ ഉപയോഗത്തിനു ശേഷംതന്നെ അസുഖം കുറഞ്ഞു,,,, ശരിക്കും നരകത്തിൽ നിന്നും കരകയറിയ പോലെ,,,,!!!

ഇപ്പോൾ പൂർണ്ണസുഖമായി ഇവിടെ ഇരിക്കുമ്പോൾ.,..
Dr കലാവതിയെ നന്ദിയോടെ ഓർക്കുന്നു,,, ഒരു മകളോടെന്ന പോലെ സ്നേഹശാസനയോടെയുള്ള ഒരു ഡോക്ടറുടെ ഇടപെടലും ആദ്യമായിട്ടായിരുന്നു,, കരഞ്ഞുപോയ എന്റെ സമയങ്ങൾ, കരഞ്ഞുതന്നെ തീരട്ടെ എന്ന ക്ഷമയോടെ കരുണയോടെ നോക്കിയിരുന്ന അവരുടെ മുഖം മനസ്സിലെപ്പോഴും ഉണ്ട്…

* * *
അനുഭവിച്ചുകൊണ്ടാണെങ്കിലും അത് എനിക്ക് പുതിയൊരറിവായിരുന്നു സത്യത്തിൽ,,, ചിലപ്പോൾ ടിഷ്യു പേപ്പറിന്റെ ഈയൊരു ദോഷ വശം അറിയാവുന്നവരുണ്ടാകാം,, പക്ഷേ എന്നെപ്പോലെ ഇക്കാര്യത്തിൽ അജ്ഞരായ വളരെയധികംപേരും ഉണ്ടായേക്കും,, അവർക്ക് വേണ്ടിയാണ് ഞാനിതെഴുതിയത്,, എഴുതാതെ പറ്റില്ലായിരുന്നു, അറിവില്ലായ്മകൊണ്ട് ആർക്കും ആ നരകസമയങ്ങൾ ഉണ്ടാവരുത്.. നമ്മുടെ അവസ്ഥകൊണ്ടായാൽപ്പോലും ടിഷ്യൂപേപ്പർ ഒരിക്കലും മണിക്കുറുകളോളം ഉപയോഗിക്കരുത്… ജസ്റ്റ് യൂസ് ആന്റ് ത്രോ,,

ഞാൻ ഉപദേശിക്കേണ്ട ആവശ്യം ഇല്ലെങ്കിലും, ബാഗിൽ ഒരു പാക്കറ്റ് പാഡ് സ്ഥിരമായി ഇരിക്കട്ടെ.. നമ്മുടെ പെൺകുഞ്ഞുങ്ങൾക്കും പറഞ്ഞു കൊടുക്കൂ എന്റെ പ്രിയപ്പെട്ട സ്ത്രീകളേ,,
സൗഹൃദക്കൂട്ടത്തിലെ എല്ലാ പുരുഷൻമാരോടും :- ഇത് വായിക്കാനിടയില്ലെന്ന് തോന്നുന്ന നിങ്ങളുടെ സ്ത്രീകളോടും പറഞ്ഞു കൊടുക്കൂ ദയവായി…,

എത്ര സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും സ്വന്തം ശരീരംതന്നെ അൽപനേരത്തേക്കെങ്കിലും സ്വയം തടവറയിലാക്കുന്ന പിറപ്പുകളാണ് സ്ത്രീകൾ,,
അവളുടെ മാത്രമായ ചില നിനച്ചിരിക്കാത്ത സമയങ്ങളെ അവൾക്കു പോലും തടുക്കാൻ പറ്റില്ല എന്നതാണ് സത്യം,,മുൻകരുതലുകൾ ഉണ്ടായിരിക്കണം,,,

We use cookies to give you the best possible experience. Learn more