മുംബൈ: മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്.
ചിലര്‍ കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റുചിലര്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുമാണ് മൂന്നാമത്തെ ഡോസ് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ശരീരത്തിലെ ആന്റിബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്സിന്‍ എടുത്ത 20 ശതമാനം ആളുകളില്‍ കൊവിഡിനെതിരെ ആന്റിബോഡികള്‍ വികസിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതായും അതുകൊണ്ട് വാക്സിന്‍ എടുത്തവരില്‍ കുറഞ്ഞ അളവില്‍ ആന്റിബോഡി ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഭുവനേശ്വറിലെ ഒരു ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്ത 23 ശതമാനം അംഗങ്ങള്‍ക്കും സമീപകാല പഠനത്തില്‍ ശരീരത്തില്‍ ആന്റിബോഡി ഇല്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
രണ്ട് ഡോസ് വാക്സിന്‍ എടുത്ത് അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കുറയുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തിട്ടും ആന്റിബോഡികള്‍ ഇല്ലാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും ഇത് സംബന്ധിച്ച ക്ലിനിക്കല്‍ പഠനം അവസാന ഘട്ടത്തിലാണെന്നും ഭുവനേശ്വറിലെ ലൈഫ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ.അജയ് പരിദ പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ രണ്ട് ഡോസ് മാത്രമാണ് നല്‍കുന്നത്. മൂന്ന് ഡോസ് നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Healthcare Workers, Politicians Secretly Taking Covid-19 Booster Shots in Mumbai: Report