| Monday, 7th September 2020, 5:06 pm

'കൊവിഡിനെ പേടിച്ചെങ്കിലും പെണ്‍കുട്ടികളെ ഉപദ്രവിക്കില്ലെന്ന് കരുതി'; ആറന്‍മുള പീഡനത്തില്‍ പ്രതികരണവുമായി ആരോഗ്യപ്രവര്‍ത്തകര്‍

ഗോപിക

കേരളം കൊവിഡ് പ്രതിസന്ധിയിലകപ്പെട്ടിട്ട് ഏഴ് മാസങ്ങള്‍ കഴിയുന്നു. രോഗപ്രതിരോധത്തിന്റെ ഉത്തമ മാതൃകയെന്ന് കേരളത്തെ ചൂണ്ടിക്കാട്ടി ലോകരാജ്യങ്ങള്‍ മുന്നോട്ടുവരികയാണ്. ഇതെല്ലാം സാധ്യമാകാന്‍ കാരണം കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം തന്നെയാണ്.

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയിലുള്ള ഓരോ ആരോഗ്യപ്രവര്‍ത്തകരുടേയും സേവനത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ചില സംഭവമായിരുന്നു കഴിഞ്ഞ ദിവസം ആറന്‍മുളയില്‍ നടന്നത്. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരുടെ വിശ്വാസ്യതയ്ക്ക് മേല്‍ വിമര്‍ശനങ്ങളുയര്‍ത്തി ചിലര്‍ രംഗത്തെത്തിക്കഴിഞ്ഞു.

ആറന്‍മുളയ്ക്ക് പിന്നാലെ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി തന്നെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് രംഗത്തെത്തിയതോടെ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ നേരേ ചോദ്യങ്ങളുയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഉന്നതാധികാരികള്‍ ഉടന്‍ തന്നെ ഇടപെട്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. രോഗത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ രാവും പകലുമില്ലാതെ പരിശ്രമിക്കുന്ന തങ്ങളുടെ വിശ്വാസ്യതയെയാണ് ഈ സംഭവത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് അവര്‍ പ്രതികരിച്ചു.

ഇരു കേസിലും പ്രതിസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുംപോകുംവഴിയാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷമാണ് പെണ്‍കുട്ടി ഈ വിവരം അധികൃതരെ അറിയിച്ചത്. രാത്രി ഒരുമണിയോടുകൂടിയാണ് സംഭവം നടന്നത്. ആംബുലന്‍സില്‍ പെണ്‍കുട്ടിയോടൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു.

ഇവരെ ഇറക്കിയതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് എടുത്തു. മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫലെന്നാണ് പൊലീസ് പറയുന്നത്.

ആറന്‍മുള വിഷയത്തില്‍ പ്രതിഷേധം കെട്ടടങ്ങുന്നതിനു മുമ്പ് തന്നെ കുളത്തൂപ്പുഴ സ്വദേശിയായ യുവതിയും സമാനമായ പരാതിയുമായി രംഗത്തെത്തിയിരുന്നു. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

മലപ്പുറത്ത് ജോലിയ്ക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തിയശേഷം ക്വാറന്റീനില്‍ പ്രവേശിച്ചു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയശേഷം കടയ്ക്കല്‍ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് വിധേയയായിരുന്നു. പരിശോധനഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ജോലിയുടെ ആവശ്യത്തിനായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴായിരുന്നു പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടിലെത്താനായിരുന്നു നിര്‍ദ്ദേശം.ഇതനുസരിച്ച് ഭരതന്നൂരിലുള്ള പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം. തുടര്‍ന്ന് യുവതി വെള്ളറട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘ആംബുലന്‍സ് ഡ്രൈവറുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നു’- തിരുവനന്തപുരം ഡി.എം.ഒ

എന്നാല്‍ ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ താഴ്ത്തിക്കെട്ടരുതെന്നാണ് തിരുവനന്തപുരം ഡി.എം.ഒയുടെ അഭിപ്രായം.

കൊവിഡ് പൊസിറ്റീവായ സ്ത്രീകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് എപ്പോഴും ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നുവരില്ല. ആറന്‍മുള വിഷയത്തില്‍, രോഗിയായ പെണ്‍കുട്ടിയോടൊപ്പം മറ്റൊരു മുതിര്‍ന്ന സ്ത്രീ കൂടിയുണ്ടായിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. അവരെ വഴിയില്‍ ഇറക്കിവിട്ടതിനുശേഷമല്ലേ ഈ പ്രവൃത്തി ചെയ്തത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞല്ലോ. തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമായ രീതിയിലാണ് ആംബുലന്‍സ് സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍.ടി.ഒ വകുപ്പുമായി ചേര്‍ന്ന് തന്നെയാണ് ഞങ്ങള്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്നത്. ആരാണ് ഡ്രൈവര്‍ അയാളുടെ പശ്ചാത്തലം, ഡ്യൂട്ടിയിലുണ്ടാകുന്ന ജീവനക്കാര്‍ തുടങ്ങിയ വിവരങ്ങളൊക്കെ കൃത്യമാണ്. ഈ സംഭവത്തിന് ശേഷം രാത്രിയില്‍ സ്ത്രീകളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നത് തല്കാലം നിര്‍ത്തിവെയ്ക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം’– തിരുവനന്തപുരം ഡി.എം.എ ഡോക്ടര്‍ ഷിനു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ചോദ്യം ചെയ്യപ്പെടുന്നത് പകലന്തിയോളം രോഗികളെ ശുശ്രൂഷിക്കുന്ന ഞങ്ങളുടെ വിശ്വാസ്യത’ – പ്രതികരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍

‘രാത്രി ഉറങ്ങാന്‍ മാത്രമാണ് വീട്ടിലേക്ക് പോകുന്നത്. കൊവിഡ് ആരംഭിച്ചതില്‍പ്പിന്നെ രോഗികള്‍ക്ക് കരുത്തായി നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിനിടയിലാണ് ഈ വാര്‍ത്ത അറിഞ്ഞത്. സത്യത്തില്‍ ഞെട്ടിപ്പോയി. ആംബുലന്‍സ് റെസ്‌ക്യൂ ടീമില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കി അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ഓരോ ആരോഗ്യപ്രവര്‍ത്തകനും ശ്രമിക്കേണ്ടത്. എന്റെ അഭിപ്രായത്തില്‍, അക്കാര്യത്തില്‍ തിരുവനന്തപുരത്തെ ആംബുലന്‍സ് ജീവനക്കാരും ആരോഗ്യപ്രവര്‍ത്തകരും മികച്ച രീതിയിലാണ് പെരുമാറുന്നത്. ഈ സര്‍വ്വീസുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ അധികാരികള്‍ ക്യത്യമായി രേഖപ്പെടുത്താറുണ്ട്. ആറന്‍മുള സംഭവത്തിലെ പ്രതി നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നെന്ന് വാര്‍ത്തകളിലുണ്ടായിരുന്നു. അത്തരത്തിലുള്ളയാളെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് തന്നെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം’- ആരോഗ്യ പ്രവര്‍ത്തകനായ ജോമോന്‍.എസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സമാനമായ അഭിപ്രായം തന്നെയാണ് തിരുവനന്തപുരത്തെ ആരോഗ്യപ്രവര്‍ത്തകയായ ലിസി വിജയനും പറയാനുള്ളത്. കൊവിഡിന് സ്ത്രീ പുരുഷഭേദമില്ലല്ലോ. ആ സാഹചര്യത്തില്‍ രാത്രിയില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നാല്‍ അതിനുള്ള വഴി നോക്കാതെ നിവൃത്തിയില്ല. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാനത്തിനാകെ നാണക്കേടാണെന്നാണ് ആരോഗ്യപ്രവര്‍ത്തക ലിസി വിജയന്‍ പറഞ്ഞത്.

‘കൊവിഡിന്റെ വ്യാപ്തി ഇന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. സത്യത്തില്‍ രോഗം വരുമെന്ന് പേടിച്ചെങ്കിലും പെണ്‍കുട്ടികള്‍ക്ക് നേരേയുള്ള ഉപദ്രവങ്ങള്‍ കുറയുമെന്ന് കരുതിയിട്ടുണ്ട്. എന്നാല്‍ രോഗത്തെയൊന്നും ഇത്തരക്കാര്‍ക്ക് പേടിയില്ലെന്നാണ് തോന്നുന്നത്. കൊവിഡ് പൊസിറ്റീവായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആ കുട്ടിയോട് ഇത്തരത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് വ്യക്തമായി ആസൂത്രണം ചെയ്തതാണെന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. രാവും പകലുമില്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കയറിയിറങ്ങുന്ന ഞങ്ങളെപ്പോലുള്ളവരുടെ വിശ്വാസ്യതയാണ് ഈ സംഭവം ചോദ്യം ചെയ്യുന്നത്. സ്ത്രീകളായ രോഗികളെ വീട്ടില്‍ നിന്ന് കൊവിഡ് സെന്ററുകളിലേക്ക് മാറ്റുമ്പോള്‍ കൂടെ ആരോഗ്യപ്രവര്‍ത്തകരോ, സ്ത്രീകളായ ജീവനക്കാരോ വേണമെന്നത് നിര്‍ബന്ധമാണ്. ഇത് ഞങ്ങളുടെ വാര്‍ഡില്‍ കൃത്യമായി പാലിച്ചുപോരുന്നുണ്ട്. ഈ വാര്‍ത്ത പുറത്തുന്നതോടെ രോഗിയുടെ കൂടെ ജീവനക്കാരെ നിര്‍ത്തുന്നതിലെ കൃത്യതയെയും, ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പശ്ചാത്തലങ്ങളെപ്പറ്റിയും രേഖകള്‍ സൂക്ഷിക്കണമെന്ന് ജില്ലാ കൊവിഡ് സെന്ററില്‍ നിന്ന് നിര്‍ദേശവുമുണ്ടായിരുന്നു- ലിസി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ജില്ലാ ആരോഗ്യസംവിധാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രാത്രി ആംബുലന്‍സ് അയക്കേണ്ടത് അടിയന്തരസാഹചര്യത്തില്‍ മാത്രമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. രാത്രി സ്ത്രീകളെ ചികിത്സാകേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  health workers response in aranamula rape case

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more