ഒ
എന്താണ് പ്രഥമ ശുശ്രൂഷ?
ഒരു അപകടം നടന്നാലുടന്‍ ആദ്യം സംഭവസ്ഥലത്തെത്തുന്നയാള്‍ അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക കര്‍ത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാണ പ്രഥമ ശുശ്രൂഷ നല്‍കാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാന്‍ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല.[]
അപകടത്തില്‍പ്പെട്ട വ്യക്തയുടെ തൊട്ടടുത്ത ആളുകളാണ് പ്രഥമ ശുശ്രൂഷ നല്‍കുന്നത്. ഒരാളുടെ ആരോഗ്യത്തിന്റെ നില അപകടമാവുന്ന ഏതു സന്ദര്‍ഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം. റോഡപകടങ്ങള്‍ , അഗ്‌നിബാധ , ആത്മഹത്യാശ്രമം, വിവിധ തരത്തിലുള്ള അസുഖങ്ങള്‍ , എന്നിവയിലെല്ലാം പ്രഥമ ശുശ്രൂഷ ആവശ്യമായി വരും.
രോഗിയെ സംബന്ധിച്ചിടത്തോളം ഇത്തരം അപകട സന്ദര്‍ഭങ്ങളില്‍ നല്‍കുന്ന പ്രഥമ ശുശ്രൂഷ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്.
പ്രഥമ ശുശ്രൂഷയുടെ ചരിത്രം
പ്രഥമ ശുശ്രൂഷയപ്പറ്റിയുള്ള ഏറ്റവും പഴക്കം ചെന്ന രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങള്‍ 11ാം നൂറ്റാണ്ടിലേതാണ്. നെറ്റ്‌സ് ഹോസ്പിറ്റല്‍ എന്നറിയിപ്പെട്ടിരുന്ന അക്കാലത്തെ ഒരു വിഭാഗം സൈനികര്‍ ചെയ്തിരുന്ന പ്രത്യേകമായ ജോലികളാണ് ഇവയില്‍ എടുത്ത് പറയാവുന്ന സംഭവങ്ങള്‍. മറ്റ് പട്ടാളക്കാര്‍ക്കും യാത്രക്കാര്‍ക്കും അപകടം പറ്റിയാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു ഇവരുടെ ജോലി.
ജിവന്‍ നിലനിര്‍ത്തുക: ഏറ്റവും പ്രധാനപ്പെട്ടതും മറ്റെന്തിനേക്കാള്‍ ആദ്യം പരിഗണിക്കപ്പെടേണ്ടതുമായ ലക്ഷ്യം ജീവന്‍ നില നിര്‍ത്തുക എന്നതാണ്.
അവസ്ഥ മോശമാക്കാതിരിക്കുക: അപകടത്തില്‍പ്പെട്ടയാളുടെ അവസ്ഥ മറ്റു കാരണങ്ങള്‍ മൂലം നിലവിലെ അവസ്ഥയേക്കാള്‍ മോശമാവാതിരിക്കുക.
ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുക: പ്രാഥമിക ശുശ്രൂഷ അസുഖത്തില്‍ നിന്നോ അപകടാവസ്ഥയില്‍ നിന്നോ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കേണ്ടതുമാണ്. ചില അവസരങ്ങളില്‍ പ്രഥമ ശുശ്രൂഷ കൊണ്ടു തന്നെ മേല്‍പറഞ്ഞ അവസ്ഥ കൈവരിക്കാവുന്നതാണ്.
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് നല്‍കേണ്ട പ്രഥമശുശ്രൂഷ
റോഡപകടങ്ങളുണ്ടായി അധിക ആളുകളും മരിക്കുന്നത് രക്തസ്രാവം കാരണമാണ്. അതുകൊണ്ടുതന്നെ റോഡപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കാന്‍ രക്തസ്രാവം തടയാനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടത്.
അപകടത്തില്‍ അസ്ഥി ഒടിയുകയോ പൊട്ടികയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കഴിയുമെങ്കില്‍ നേരെയാക്കി ഒരു വടിയുമായി ഇതിനെ ചേര്‍ത്ത് കെട്ടുക. കയ്യിന്റെ അസ്ഥിയാണ് ഒടിഞ്ഞതെങ്കില്‍ വടിവച്ച് കെട്ടിയ ശേഷം ഒരു സ്ലിംഗ് പോലെ ഉണ്ടാക്കി കഴുത്തില്‍ തൂക്കിയിടണം.
പരിക്കേറ്റയാള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുക. ശുശ്രൂഷകന്റെ ചോദ്യങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടയാള്‍ കൃത്യമായി മറുപടി പറയുന്നുണ്ടെങ്കില്‍ ബോധാവസ്ഥയിലാണെന്ന് മനസ്സിലാക്കാവുന്നതാണ്.
പരിക്കേറ്റയാള്‍ക്ക് ശ്വാസമുണ്ടോ , നാഡിമിടിപ്പുണ്ടോ എന്ന് നോക്കുക: രോഗിയുടെ മൂക്കിനു താഴെവിരല്‍ വെച്ച് നോക്കിയാല്‍ ശാസോച്ഛ്വാസ ഗതി മനസ്സിലാക്കാന്‍ കഴിയും. കൈത്തണ്ടയില്‍ വിരല്‍വച്ചാല്‍ നാഡിമിടിപ്പും അറിയാന്‍ കഴിയും.
അടിയന്തിര സഹായം ഉറപ്പു വരുത്തുക: കൂടുതല്‍ സഹായം ലഭിക്കാനായി മറ്റുള്ളവരെ വിവരം അറിയിക്കുക. സന്ദര്‍ഭത്തിനനുസരിച്ച് കഴിയുമെങ്കില്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷന്‍ , ഫയര്‍സ്‌റ്റേഷന്‍ , ആശുപത്രി, എന്നിവിടങ്ങളില്‍ വിവരമറിയിക്കുക, അപകടസ്ഥലത്തെപ്പറ്റിയും , തങ്ങള്‍ എവിടെനിന്നാണ് സംസാരിക്കുന്നതെന്നും, അപകടത്തില്‍ എത്രപേര്‍ അകപ്പെട്ടിട്ടുണ്ടെന്നും , ഏത് തരത്തിലുള്ള അപകടമാണ് നടന്നിട്ടുള്ളതെന്നും വ്യക്തമാക്കണം.
പ്രഥമ ശുശ്രൂഷ- ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
നിങ്ങളുടെ വീട്ടിലും ജോലിസ്ഥലത്തും പ്രഥമ ചികിത്സാ സാമഗ്രികളും മരുന്നുകളും ഉണ്ടെന്നും അവ എപ്പോഴും ലഭ്യമാണെന്നും ഉറപ്പു വരുത്തുക. പ്രഥമ ചികിത്സാ പെട്ടിയും മരുന്നുകളും കുട്ടികളുടെ കൈകളില്‍പ്പെടാത്ത വിധം സൂക്ഷിക്കുക.
അപകടത്തിലായ വ്യക്തിയെ സഹായിക്കുന്നതിനു മുന്‍പ്, നിങ്ങള്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണം. സാഹചര്യം വിലയിരുത്തുകയും എന്തെങ്കിലും അപകട സാധ്യത ഉണ്ടോ എന്ന് ഉറപ്പാക്കുകയും വേണം. കഴിയുമെങ്കില്‍ നിങ്ങള്‍ കൈയ്യുറ ധരിക്കണം, അത് രക്തം മറ്റു ശാരീരിക സ്രവങ്ങള്‍ എന്നിവയില്‍ നിന്നും നിങ്ങളെ സുരക്ഷിതമാക്കും.
അപകടം ഉണ്ടാകുമ്പോള്‍, രോഗിയുടെ വായ്ക്കുള്ളില്‍ എന്തെങ്കിലും ദ്രാവകങ്ങളോ മറ്റ് എന്തെങ്കിലും സാധനങ്ങളോ ഇല്ലെന്നും അവയോ നാക്കു തന്നെയോ രോഗിയുടെ ശ്വാസനത്തെ തടസപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാണം.
വ്യക്തി നന്നായും സ്വതന്ത്രമായും ശ്വസിക്കുന്നു എന്ന് ഉറപ്പുവരുത്തുക അത്യാവശ്യമാണ്. ശ്വസനം ശരിയ്ക്കല്ലെങ്കില്‍ കണിശമായും ഉടനടി കൃത്രിമ ശ്വാസോച്ഛോസം നല്‍കണം.
രക്തസ്രാവത്തിന്റെ ലക്ഷണം പരിശോധിക്കുമ്പോള്‍ രോഗിക്ക് നല്ല നാഡിമിടിപ്പും . രക്തചംക്രമണവും ഉണ്ടോ എന്ന് നോക്കുക. രോഗിയുടെ രക്തസ്രാവം അമിതം ആവുക, വിഷം ഉള്ളില്‍ കടക്കുക, ഹൃദയമോ ശ്വസനമോ നിലയ്ക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ അതിവേഗം പ്രവര്‍ത്തിക്കണ്ടതുണ്ട്. ഓരോ നിമിഷവും അപ്പോള്‍ വിലപ്പെട്ടതാണ്.
നട്ടെല്ലിലോ കഴുത്തിലോ അപകടകരമായ വിധം ക്ഷതം ഏറ്റ ഒരാളെ, കൂടുതല്‍ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയല്ലാതെ, അല്‍പ്പവും ചലിപ്പിക്കാതിരിക്കുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. അയാള്‍ ഛര്‍ദ്ദിച്ചാല്‍, കഴുത്ത് ഒടിഞ്ഞിട്ടുണ്ടെങ്കിലും മറ്റു അപകടങ്ങള്‍ ഇല്ലെങ്കില്‍, ശ്വാസതടസ്സം ഒഴിവാക്കാനായി അയാളെ വശത്തേക്ക് തിരിച്ച് കിടത്താം. ഒപ്പം ശരീരത്തിലെ ചൂട് നഷ്ടപ്പെടാതിരിക്കാനായി പുതപ്പോ കോട്ടോ കൊണ്ട് പുതപ്പിക്കണം.
നിങ്ങള്‍ പ്രഥമ ചികിത്സ നല്‍കുമ്പോള്‍ തന്നെ മറ്റാരെങ്കിലും വിദഗ്ധ ചികിത്സാ സഹായത്തിനായി ശ്രമിക്കണം. അയാള്‍ രോഗിയുടെ അവസ്ഥയെ പറ്റി ഡോക്ടറെ വിശദമായി ധരിപ്പിക്കയും ആബുലന്‍സ് എത്തുന്നത് വരേക്കും എന്താണ് ചെയ്യേണ്ടതെന്ന വിദഗ്ധ ഉപദേശം നേടുകയും വേണം.
നിങ്ങള്‍ തികഞ്ഞ ശാന്തത പുലര്‍ത്തുകയും അതു വഴി രോഗിക്ക് മാനസ്സികമായ ആശ്വാസവും ധൈര്യവും നല്‍കയും വേണം.
അബോധാവസ്ഥയിലോ, അര്‍ധബോധാവസ്ഥയിലോ ഉള്ള വ്യക്തിക്ക് ദ്രാവകരൂപത്തിലുള്ള ഒന്നും നല്‍കരുത്. ദ്രാവകം ശ്വാസനാളത്തില്‍ കടക്കുകയും ശ്വാസതടസ്സം സൃഷ്ടിക്കയും ചെയ്യും. അബോധാവസ്ഥയിലുള്ള വ്യക്തിയെ കുലുക്കിയും തട്ടിയും എഴുന്നേല്‍പ്പിക്കാനും ശ്രമിക്കരുത്.
അപകടത്തിലായ വ്യക്തിയുടെ പക്കല്‍ ഏതെങ്കിലും വൈദ്യസഹായ ഐ.ഡി. കാര്‍ഡുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാം. അതുവഴി രോഗിക്ക് പ്രത്യേക ചികിത്സ ആവശ്യമുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ, മരുന്നുകള്‍ക്ക് അലര്‍ജികള്‍ ഉണ്ടോ, എന്ന് മനസ്സിലാക്കാന്‍ ആവും.