| Friday, 17th August 2018, 3:27 pm

ദുരന്തമേഖലയിലുള്ളവരും വളന്റിയർമാരും അറിഞ്ഞിരിക്കേണ്ട ആരോഗ്യകാര്യങ്ങൾ

Administrator

Jinesh P S (Infoclinic)

മെഡിക്കൽ എമർജൻസികൾ പലസ്ഥലങ്ങളിലും ഉണ്ടാവുന്നുണ്ട്. പലരും മെസ്സേജുകൾ അയക്കുകയും ഫേസ്ബുക്ക് പോസ്റ്റുകളിൽ ടാഗ് ചെയ്യുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

സാധാരണഗതിയിൽ ഡോക്ടറെ നേരിൽ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഏവർക്കുമറിയാം.

പ്രസവം, ഹൃദയാഘാതം, പരിക്കുകൾ തുടങ്ങിയ മെഡിക്കൽ എമർജൻസികൾ സംഭവിക്കുന്നുണ്ട്. മെഡിക്കൽ എമർജൻസികൾ കോർഡിനേറ്റ് ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെട്ട സംഘം എല്ലാ റെസ്ക്യൂ ഓപ്പറേഷൻ സെൻററുകളിലും ഉണ്ടായാൽ നന്നായിരുന്നു. ആവശ്യമെങ്കിൽ രോഗിയെ എയർ ലിഫ്റ്റ് ചെയ്യാനും സൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കാനും അതിനായില്ലെങ്കിൽ രോഗിയുടെ സമീപത്തേക്ക് ഡോക്ടറെ എത്തിക്കാനും കേന്ദ്രീകൃതമായ ഒരു കോർഡിനേറ്റിംഗ് സിസ്റ്റത്തിന് മാത്രമേ സാധിക്കുകയുള്ളൂ.

പലസ്ഥലങ്ങളിലും ഭക്ഷണവും വെള്ളവും തീർന്നു തുടങ്ങി. പകർച്ചേതര രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കേണ്ട പലർക്കും അത് മുടങ്ങിയിട്ടുണ്ട്. അവർക്ക് മരുന്നുകൾ എത്തിക്കുക എന്നുള്ളത് ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

ഇതു വരെ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ തന്നെ എത്തിക്കേണ്ടതുണ്ട്. സാധിക്കുന്ന സാഹചര്യം അല്ലെങ്കിൽ അതേ ക്യാമ്പുകളിൽ ഉള്ളവർ മരുന്നുകൾ ഷെയർ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മരുന്നുകൾ മാറി പോകുന്നില്ല എന്ന് ഉറപ്പിച്ചിക്കണം. മരുന്നുകളുടെ ട്രെയ്ഡ് പേരുകളിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് ഫോണിൽ കൂടി വേണമെങ്കിൽ മറുപടി പറഞ്ഞുകൊടുക്കാൻ ആവും.

ഉപയോഗിക്കേണ്ട മരുന്നുകളെക്കുറിച്ച് പൊതുവായ ഒരു പോസ്റ്റ് എഴുതുക എന്നുള്ളത് പ്രായോഗികമല്ല. എങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം എഴുതാം.

ORS – വയറിളക്കം, ചർദ്ദി തുടങ്ങിയവ ഉള്ളവർ ശുദ്ധജലത്തിൽ കലക്കി കുടിക്കുക.

Paracetamol – തലവേദന, പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉപയോഗിക്കുക. മുതിർന്നവർ ഒരു ദിവസം 500 മില്ലിഗ്രാം മൂന്ന് നേരം ഉപയോഗിക്കാം.

Ceterizine – സഹിക്കാൻ വയ്യാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവ ഉള്ളവർ രാത്രി ഒരു ഗുളിക കഴിക്കുക. മുതിർന്നവർക്ക് 10 മില്ലി ഗ്രാം. ഓർക്കുക ഈ ഗുളിക വളരെ നേരിയ തോതിലുള്ള സെഡേഷൻ ഉണ്ടാക്കാം.

Betadine ointment – മുറിവുകൾ ശുദ്ധജലംകൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയശേഷം പുരട്ടുക.

Salbutamol – ശ്വാസംമുട്ടൽ, ആസ്മ എന്നീ രോഗങ്ങളുള്ളവർ ഉപയോഗിക്കുക. മുതിർന്നവർക്ക് 4 മില്ലിഗ്രാം. ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതിൽ തെറ്റില്ല.

ക്യാമ്പുകളിലേക്ക് മരുന്നുകൾ എത്തിക്കുന്നവർ ഈ താഴെ കുറിക്കുന്ന ഗുളികകൾ കൂടി കൊണ്ട് പോകണം. നേരത്തെ പകർച്ചേതര രോഗങ്ങൾ സ്ഥിരീകരിച്ച്, മരുന്നുകൾ തുടർച്ചയായി കഴിക്കുന്നവർക്ക് നൽകാനാണ്.

Sorbitrate 10 mg
Amlodipine 5 mg
Aspirin 150 mg
Clopidogrel 75 mg
Atorvastatin 10 mg
Metformin 500 mg
Glimepiride 1 mg

അവസാനം നൽകിയിരിക്കുന്ന രണ്ടും പ്രമേഹത്തിന്റെ ഗുളികകളാണ്. ദിവസങ്ങളായി ഭക്ഷണവും ജലവും കുറവാണ് ഉപയോഗിക്കുന്നതെങ്കിൽ ഗുളികകൾ നേരത്തെ കഴിച്ചുകൊണ്ടിരുന്ന അത്ര അളവിൽ കഴിക്കരുത്.

വളംകടി ഒരു പ്രധാന പ്രശ്നമാണ്. ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് Clotrimazole ointment ആവണം. കുമരകത്ത് കഴിഞ്ഞ ക്യാമ്പുകളിൽ ദിവസം 500 ട്യൂബുകൾ പോലും തികയാതെ വന്നിട്ടുണ്ട്.

ആന്റിബയോട്ടിക്ക്:
Cap Amoxycillin മുതിർന്നവർക്ക് മൂന്നുനേരം 500 mg

അസിഡിറ്റി, വയറെരിച്ചിൽ:
Tab Ranitidine 150 mg രണ്ടു നേരം

പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ഓർക്കുക കേരളത്തിൽ ആകെയുള്ള 100 ഇനം പാമ്പുകളിൽ മനുഷ്യന് അപകടകരമായ വിഷമുള്ളത് 5 എണ്ണത്തിന് മാത്രം.

പനി, ജലദോഷം ഒക്കെ ഉള്ളവർ രോഗം ഇല്ലാത്തവരിൽ നിന്നും അല്പം മാറി ഇടപെടുക. എന്തുതരം പനി എന്നൊക്കെ കണ്ടുപിടിക്കുന്നത് പിന്നീടാവാം. മറ്റൊരാൾക്ക് രോഗം പകരാതെ ശ്രദ്ധിക്കുക.

ചെറിയ കുട്ടികൾ, നവജാത ശിശുക്കൾ എന്നിവർക്ക് ശരീരോഷ്മാവ് താണുപോകാൻ സാധ്യതയുണ്ട്. ഹൈപ്പോ തെർമിയ എന്നാണ് ഈ ഗുരുതരമായ അവസ്ഥയെ പറയുന്നത്. ഇത് മൂലം ശക്തത്തിലെ ഗ്ലൂക്കോസ് കുറയാം, അണുബാധ വരാം.
തടയാനുള്ള വഴി: കുഞ്ഞിനെ നന്നായി പുതപ്പിക്കുക (തലയും കൈകാലുകളും ഉൾപ്പെടെ, മുഖം ഒഴികെ), കൂടെക്കൂടെ മുലയൂട്ടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, കുഞ്ഞിനെ മുതിർന്ന ഒരാളുടെ നെഞ്ചിൽ skin to skin contact വരുന്ന വിധത്തിൽ വെച്ച് രണ്ടുപേരെയും കൂടി ഒന്നിച്ച് തുണികൊണ്ട് പൊതിയുക (കുഞ്ഞിന്റെ തല ഒഴികെ) ഇതിനെ കങ്കാരു പരിചരണം എന്നു പറയുന്നു. കുഞ്ഞിന്റെ കാലടികളും നെഞ്ചും തൊട്ടു നോക്കിയാൽ തണുത്തിരിക്കാൻ പാടില്ല.

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ. തിളപ്പിച്ച വെള്ളം, കൈ കഴുകൽ, സുരക്ഷിതമായ ഭക്ഷണം

എലിപ്പനി: ഡോക്സി സൈക്ലിൻ ആൻറിബയോട്ടിക് പ്രതിരോധം

മാനസിക പിരിമുറുക്കം, മാതാപിതാക്കളെ പിരിഞ്ഞിരിക്കൽ, മരണഭയം: സാധാരണമായി ഉണ്ടാകാവുന്നതാണ്. ആത്മവിശ്വാസം പകർന്നു കൊടുക്കുക. അതാത് ക്യാമ്പുകളിലെ ആരോഗ്യ മേഖലയുമായി ബന്ധമുള്ളവർ, അധ്യാപകർ, പ്രൊഫഷണലുകൾ, അനുഭവ പരിചയമുള്ളവർ തുടങ്ങിയവർക്ക് വലിയ പങ്കുവഹിക്കാനാവും.

വെള്ളത്തിൽ മുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ: വയർ അമർത്തി ഞെക്കരുത്. ശ്വസന പ്രക്രിയയിൽ തടസ്സങ്ങൾ വരാതെ നോക്കുക.

ആയിരക്കണക്കിന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവരാണ് മനുഷ്യവർഗ്ഗം. ഇതും നമ്മൾ അതിജീവിക്കും.

കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരും ഓർക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം നിങ്ങൾക്കായി കാത്തിരിക്കുന്നു, പ്രവർത്തിക്കുന്നു.

ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സിന്റെ വാളുമായി ആരും വരരുത് എന്ന് അപേക്ഷിക്കുന്നു. തടുക്കാൻ പരിചയില്ല. ഒരാളുടെയും ജീവൻ നഷ്ടപ്പെടരുതെന്ന ആഗ്രഹം മാത്രമേയുള്ളൂ.

Administrator

Latest Stories

We use cookies to give you the best possible experience. Learn more