[] ന്യൂദല്‍ഹി: പുകയില ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായി സിഗരറ്റിന്റെ നികുതി കുത്തനെ കൂട്ടാന്‍ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതി.
സിഗററ്റിനു മൂന്നര രൂപ വില വര്‍ധിപ്പിക്കണമെന്നും ബീഡി വ്യവസായത്തിന് നിലവിലുള്ള നികുതി ഇളവ് എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2013ലെ ബജറ്റില്‍ നീളം കൂടിയ സിഗരറ്റുകളുടെ നികുതി യു.പി.എ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, നികുതി വര്‍ധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കമ്പനികള്‍ നീളം കുറഞ്ഞ സിഗരറ്റുകള്‍ വിപണിയിലിറക്കിയ പശ്ചാത്തലത്തില്‍ എല്ലാ നീളത്തിലുള്ള സിഗരറ്റിന്റെയും വില ഉയര്‍ത്തണമെന്നും ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ഥിച്ചാണ് ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ജൂലൈ 11നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.