| Saturday, 1st September 2018, 8:40 pm

എലിപ്പനി ബാധ: നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോക്കോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കി. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോക്കോള്‍ എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നു.

രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടങ്ങളില്‍ പെനിസിലിന്‍ ആവശ്യമായി വരുമെന്നതിനാല്‍ താലൂക്ക് ആശുപത്രിയടക്കം എല്ലാ ആശുപത്രികളിലും ലഭ്യതയുറപ്പുവരുത്താനുള്ള നടപടികളും എടുത്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്.

Also Read: കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു: മരണം 12 ആയി

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിച്ചിരിക്കണമെന്നും എല്ലാ ഡോസുകളും കൃത്യമായിത്തന്നെ എടുക്കണമെന്നും പ്രോട്ടോക്കോളില്‍ നിര്‍ദ്ദേശിക്കുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശേഷം ചികിത്സ തേടാന്‍ സാധിക്കാത്തവര്‍ എത്രയും പെട്ടന്നുതന്നെ ഗുളികകള്‍ കഴിക്കണം.

പ്രതിരോധ നടപടികള്‍ എടുത്തവരും ശുചീകരണപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ധരിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും പ്രോട്ടോക്കോള്‍ ആവശ്യപ്പെടുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ആശുപത്രകളില്‍ സജ്ജീകരിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴി പ്രതിരോധ മരുന്നുകള്‍ ലഭിക്കും.

We use cookies to give you the best possible experience. Learn more