| Sunday, 16th December 2012, 11:48 am

ബ്രാന്റ് നെയിമില്‍ മരുന്നുകള്‍ വില്‍ക്കുന്നതിന് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ബ്രാന്റ് നെയിമില്‍ മരുന്നുകള്‍ വില്‍ക്കുന്നതിന് നിരോധനം വരുന്നു. മരുന്ന് കമ്പനികളുടെ ചൂഷണം തടയാന്‍ അവശ്യമരുന്നുകള്‍ക്ക് സ്ഥിരവില നിശ്ചയിച്ച് കൊണ്ടുള്ള നിയമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.[]

ബ്രാന്റ് നെയിമുകള്‍ക്ക് പകരം ജെനറിക് നാമത്തിലെ പുതിയ മരുന്നുകള്‍ നിര്‍മിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രാന്റ് നെയിമില്‍ മരുന്ന് നിര്‍മിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്.

പുതിയ ഔഷധ നിയമത്തിന്റെ ഭാഗമായി അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടുന്നവയ്ക്ക് സ്ഥിരവില ഈടാക്കും. 328 ഇനം മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടുക. ഏതൊക്കെ മരുന്നുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുക എന്ന് ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രസിദ്ധീകരിക്കും.

അവശ്യമരുന്നുകളെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി വില നിശ്ചയിച്ചാലും മരുന്ന് ചേരുവയില്‍ മാറ്റം വരുത്തിയെന്ന് കാണിച്ച് കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നത് തടയുന്നതിനാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം.

പുതിയ ലൈസന്‍സ് നല്‍കുന്നതിനോ ലൈസന്‍സ് പുതുക്കുന്നതിനോ മുമ്പ് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതേസമയം, ഇപ്പോള്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് പുതിയ നിയമം ബാധകമാകില്ല.

രാജ്യത്തെ മരുന്നുകമ്പനികളെ നിയന്ത്രണത്തിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more