'സമര്‍ത്ഥമായ ഇടപെടല്‍, മാതൃകയാണ് പത്തനംതിട്ട' ; ജില്ലയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍
Kerala
'സമര്‍ത്ഥമായ ഇടപെടല്‍, മാതൃകയാണ് പത്തനംതിട്ട' ; ജില്ലയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2020, 9:54 am

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ പത്തനംതിട്ട ജില്ലയെ അഭിനന്ദിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് ജില്ലയുടെ പേരെടുത്തു പറഞ്ഞ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

രോഗവ്യാപനം തടയാന്‍ സമര്‍ഥമായി ഇടപെട്ടതും കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചതിനും ഉദാഹരണമാണ് പത്തനംതിട്ട എന്ന് അദ്ദേഹം പറഞ്ഞു.

പ്രായമായവര്‍, ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കുകള്‍ വീടുകളില്‍ പോയി ശേഖരിച്ചതിന് പത്തനംതിട്ടയും മഹാരാഷ്ട്രയിലെ പുനെയുമാണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

രോഗികളുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറാക്കുക, അവര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തുക, വാര്‍ റൂം സജ്ജമാക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുക, രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും മികച്ച പിന്തുണ നല്‍കുക എന്നീ കാര്യങ്ങളില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന്  കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി എടുത്തുപറഞ്ഞു.

കഴിഞ്ഞ ദിവസം ക്യാബിനറ്റ് സെക്രട്ടറിയും പത്തനംതിട്ട ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിനിടെയായിരുന്നു പത്തനംതിട്ട ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടത്.

കൊവിഡ് വ്യാപനം തടയാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെലുകള്‍ രാജ്യത്തിനാകെ മാതൃകാപരമാണെന്നായിരുന്നു ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞത്.

പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൊവിഡ് ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നും പത്തനംതിട്ടയെ ഒഴിവാക്കിയിരുന്നു.

വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് രോഗം ഭേദമായ ശേഷം കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 8 നാണ് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിനും ഇവരുടെ അടുത്ത ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിക്കുന്നത്.

ഒരു മാസത്തിനിപ്പുറം രോഗവ്യാപനം തടയാനായെങ്കിലും ഇപ്പോഴും കനത്ത ജാഗ്രതയിലാണ് ജില്ല. ഇക്കഴിഞ്ഞ ഒരു മാസം പുലര്‍ത്തിയ ജാഗ്രത വരും ദിവസങ്ങളിലും പഴുതില്ലാതെ തുടരണമെന്നാണ് ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ