തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി വയനാട്ടിലേക്ക് പോകുന്നതിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് മന്ത്രിയെ എം.സി.എച്ചില്‍ പ്രവേശിപ്പിച്ചു. മഞ്ചേരിയില്‍ മന്ത്രിയുടെ വാഹനം സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിലവില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.കെ. മുഹമ്മദ് റിയാസ്, കെ. രാജന്‍, ഒ.ആര്‍. കേളു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം നടക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായവും മറ്റും ഉറപ്പുവരുത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീമിനെയും കണ്ണൂരില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ദുരന്ത സ്ഥലത്ത് എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. വയനാട് ചൂരല്‍മലയിലെ പള്ളിയിലും മദ്രസയിലും താത്കാലിക ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്ന വിവരവും മന്ത്രി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ വിവരങ്ങളും മന്ത്രി അറിയിച്ചിരുന്നു. ഇതിനോടകം തന്നെ 120ലധികം പേരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 57 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ജില്ലാ കളക്ടറും പറഞ്ഞു. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
Content Highlight: Health Minister Veena George’s car was traveling met with an accident