| Friday, 22nd July 2022, 3:18 pm

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മാസം 6ന് യു.എ.ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 13ന് പനി തുടങ്ങിയ വ്യക്തിക്ക് 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. രോഗി ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.

ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊല്ലത്താണ് സംസ്ഥാനത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത്. പിന്നാലെ കണ്ണൂരിലും മങ്കി പോക്സ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതോടെ വിമാനത്താവളങ്ങളിലടക്കം ആരോഗ്യവകുപ്പ് കനത്ത സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുകയും ചെയ്തിരുന്നു.

അതേസമയം, സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. ആലപ്പുഴ എന്‍.ഐ.വിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍.ഐ.വി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്.

ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍.ഐ.വി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയാണ് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്.

ആര്‍.ടിപി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എന്‍.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കി പോക്‌സിന് രണ്ട് പി.സി.ആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും.

ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് മങ്കി പോക്സ് അഥവാ വാനര വസൂരി.

Content Highlight: Health Minister Veena George informed that one more person has been confirmed with monkey pox in the state

We use cookies to give you the best possible experience. Learn more