| Sunday, 1st August 2021, 1:43 pm

ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരില്‍ വാക്‌സിനെതിരെ വാട്സ്ആപ്പില്‍ പ്രചരണം; നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സ്ആപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണ്. ഇതിന്റെ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം.

എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ്. അതിനാല്‍ ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കരുത്,’ വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 1,38,07,878 പേര്‍ക്ക് ഒന്നാം ഡോസും 59,68,549 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,97,76,427 പേര്‍ക്കാണ് കഴിഞ്ഞ വ്യാഴാഴ്ച വരെ വാക്‌സിന്‍ നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. കേരളത്തില്‍ രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Health Minister Veena George has said that legal action has been taken against the fake news about  vaccination

We use cookies to give you the best possible experience. Learn more