തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും സി.പി.ഐ.എം പാര്‍ട്ടി സമ്മേളനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.
എല്ലാ ജില്ലകളിലും കൊവിഡ് കൂടുന്നതായി കാണുന്നുണ്ട്. ഒരാഴ്ചക്കകം നൂറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 മുതല്‍ 40 വരെ വയസ്സുള്ളവരില്‍ കൊവിഡ് ബാധ കൂടിവരുന്നതായി കാണുന്നുണ്ട്.
കൂടുതല്‍ പേരില്‍ ബാധിച്ചത് ഡെല്‍റ്റ വകഭേദമാണ്. ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാകുന്നുണ്ട്. നിലവിലെ വര്‍ധന പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടുണ്ടാകുന്നതാണെന്നും അവര്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യം ഗൗരവമുള്ളതാണ്. കൂടുല്‍ വര്‍ധന ഇല്ലാതിരിക്കാന്‍ എല്ലാവരും വ്യക്തിപരമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം, കേരളത്തില്‍ ഇന്ന് 9,066 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,903 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2887 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 44,441 കോവിഡ് കേസുകളില്‍, 5.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 177, കൊല്ലം 98, പത്തനംതിട്ട 247, ആലപ്പുഴ 111, കോട്ടയം 37, ഇടുക്കി 82, എറണാകുളം 508, തൃശൂര്‍ 42, പാലക്കാട് 43, മലപ്പുറം 103, കോഴിക്കോട് 299, വയനാട് 114, കണ്ണൂര്‍ 158, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,05,210 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,64,83,090), 82 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,16,90,138) നല്‍കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,69,269)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9066 പുതിയ രോഗികളില്‍ 8283 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 457 പേര്‍ ഒരു ഡോസ് വാക്സിനും 5173 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 2653 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
ജനുവരി 4 മുതല്‍ 10 വരെയുള്ള കാലയളവില്‍, ശരാശരി 28,549 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 18,149 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 45%, 2%, 30% കുറഞ്ഞു. എന്നാല്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം യഥാക്രമം 3%, 8%, 2% കൂടിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Health Minister Veena George has called for greater vigilance in the wake of a significant increase in Covid cases in the state