തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ പിഴയും തടവുശിക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സ്‌പെഷ്യല്‍ കോടതികള്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ ഓര്‍ഡിനന്‍സിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഐ.പി.സി 320ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം കഠിനമായ ദേഹോപദ്രവം ഉണ്ടായാല്‍ ഒരു വര്‍ഷം വരെയാണ് കുറഞ്ഞ ശിക്ഷയെന്ന് മന്ത്രി പറഞ്ഞു. ‘പരമാവധി ഏഴ് വര്‍ഷം വരെയാകാവുന്ന തടവുശിക്ഷയും ലഭിക്കും. അതുപോലെ ഒരു ലക്ഷം രൂപയില്‍ കുറയാത്ത, പരമാവധി അഞ്ച് ലക്ഷം രൂപ വരെയാകാവുന്ന പിഴ ശിക്ഷയും ഉണ്ടായിരിക്കും.
നേരത്തെ പരമാവധി മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. വിചാരണയ്ക്ക് ഓരോ ജില്ലയിലും പ്രത്യേക കോടതി വിജ്ഞാപനം ചെയ്യും. പാരാമെഡിക്കല്‍ സ്റ്റാഫിനെതിരായ അതിക്രമങ്ങളും ഓര്‍ഡിനന്‍സിന്റെ നിയമപരിധിയില്‍ കൊണ്ടുവരും. സുരക്ഷാ ജീവനക്കാരും നിയമത്തിന്റെ പരിധിയില്‍ വരും,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം പരാതി ലഭിച്ചാല്‍ പൊലീസ് അന്വേഷണം സത്വരമായി പൂര്‍ത്തീകരിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ‘എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണം.
കേസിന്റെ വിചാരണയടക്കമുള്ള നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുടെ അനുമതിയോട് കൂടി ഓരോ ജില്ലയിലും ഒരു കോടതിയെ ഇത്തരം കേസുകള്‍ മാത്രം പരിഗണിക്കുന്ന ഒരു സ്‌പെഷ്യല്‍ കോടതിയായി നിയമിക്കും.
ഇതിന് പുറമെ ഓരോ ജില്ലയിലും ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇത്തരം കോടതികളിലേക്ക് സര്‍ക്കാരിന് നിയമിക്കാം. ഇത്തരം കാര്യങ്ങളാണ് നിലവില്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്’ മന്ത്രി വീണ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊതുസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലും, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലും മറ്റു വ്യവസ്ഥകള്‍ ആവശ്യമെങ്കില്‍ ചട്ടപ്രകാരം നിര്‍ണയിക്കുന്നതിനുള്ള ഒരു ഉടമ്പടി കൂടി ഉള്‍പ്പെടുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
content highlights: health minister veena george explains hospital protection ordinance