| Wednesday, 6th July 2022, 2:58 pm

ചികിത്സാ പിഴവിനെക്കുറിച്ചുള്ള തുടര്‍പരാതികള്‍; പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തുടര്‍ച്ചയായ ചികിത്സാ പിഴവിനെക്കുറിച്ചുള്ള പരാതികള്‍ക്ക് പിന്നാലെയാണ് തങ്കം ആശുപത്രിക്കെതിരെ നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.

കളക്ടര്‍ ചെയര്‍മാനും ഡി.എം.ഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മരിച്ച കാര്‍ത്തികയുടെ ചികില്‍സയിലും പിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

ഇതിന് മുമ്പ് പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ചിരുന്നു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് തിങ്കളാഴ്ച മരണപ്പെട്ടത്. ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പൊലീസ് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തുടര്‍ നടപടി ഉണ്ടാകകയുള്ളു.

അതേസമയം, മൂന്ന് മരണങ്ങളിലും ചികിത്സ പിഴവില്ലെന്നാണ് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണം. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും തങ്കം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

കാര്‍ത്തികയെ ജനറല്‍ അനസ്തീഷ്യക്കാണ് സജ്ജമാക്കിയതെന്നും ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയ സ്തംഭംനം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി വിശദീകരിച്ചു. കാര്‍ത്തികയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

CONTENT HIGHLIGHTS: Health Minister Veena George directed to take action under the Clinical Establishment Act against Palakkad Thangam Hospital

We use cookies to give you the best possible experience. Learn more