| Tuesday, 17th May 2022, 9:51 pm

ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നുപോകാന്‍ ഇടയില്ല; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നുപോകാന്‍ ഇടയില്ല വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വിഷയിത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന പങ്കുവെച്ചായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം.

കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യു.ഡി.എഫിന്റെ പ്രതീക്ഷകളെ പൂര്‍ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഫലമായി സമനില നഷ്ടപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബരിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും യു.ഡി.എഫ് നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും.

രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെ.പി.സി.സി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണ്. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

CONTENT HIGHLIGHTS: Health Minister Veena George criticizes K Sudhakaran’s abusive remarks against the Chief Minister.

We use cookies to give you the best possible experience. Learn more