തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കുറിച്ച് ഒരു പ്രമുഖ ചാനല്‍ കൊടുത്ത വാര്‍ത്ത വ്യാജമാണെന്നും മന്ത്രി ആരോപിച്ചു.
അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനല്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ നാല് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ടെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി അയച്ചു തന്ന മെഡിക്കല്‍ കോളേജിലെ വീഡിയോ സഹിതമാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണെന്ന തരത്തില്‍ മാതൃഭൂമി ന്യൂസാണ് വാര്‍ത്ത നല്‍കിയത്.
അതേസമയം, കഴിഞ്ഞ ദിവസം ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം ജീവനക്കാര്‍ ചുമന്ന് താഴെ ഇറക്കിയിരുന്നു. കാലടി സ്വദേശിയായ സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയില്‍ നിന്ന് താഴേക്ക് ചുമന്നിറക്കിയത്.
മൃതദേഹം ചുമന്നിറക്കിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ചയാളുടെ കുടുംബവും രംഗത്ത് വന്നിരുന്നു.
തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടനെ പ്രവര്‍ത്തനസജ്ജമാകുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിക്കുകയായിരുന്നു.