കോഴിക്കോട്: ആശ, അംഗന്‍വാടി, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തത് കേരളത്തിന്റെ ഭരണപരമായ പിടിപ്പുക്കേടാണെന്ന് എന്നാരോപിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയെന്ന് പറയുന്ന പത്രക്കുറിപ്പ് ബി.ജെ.പി ഐ.ടി സെല്ലിന്റേതാണെന്ന് ആരോപണം.
ഈ പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്തകളും നല്‍കിയിരുന്നു. എന്നാല്‍ ഈ പത്രക്കുറിപ്പ് വ്യാജമാണെന്ന് അറിയിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് തന്നെ രംഗത്തെത്തി.
ഔദ്യോഗികമെന്ന വ്യാജേന പ്രചരിക്കുന്ന കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകുമെന്ന് മന്ത്രി പ്രതികരിച്ചു.
കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം.
കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ മനോരമയും 24 ന്യൂസും മാതൃഭൂമിയുമാണ് ഔദ്യോഗികമല്ലാതെ കുറിപ്പ് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.
‘ആശാവര്‍ക്കര്‍മാരുടെ സമരം; സംസ്ഥാന സര്‍ക്കാരിന്റെ പരാജയം, പഴിച്ച് കേന്ദ്രം’ എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. ‘ആരോഗ്യമന്ത്രാലയം കേരളത്തിന് നല്‍കിയത് 938.8 കോടി, ആശവര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയ്ക്ക് തെളിവ്-കേന്ദ്ര സര്‍ക്കാര്‍’ എന്ന് മാതൃഭൂമിയും വാര്‍ത്ത നല്‍കി. ‘അനുവദിച്ചതിലും കൂടുതല്‍ തുകയെത്തി, ആശമാരുടെ വേതനം മുടങ്ങുന്നതിന് കാരണം സംസ്ഥാന സര്‍ക്കാര്‍’ എന്നാണ് 24 ന്യൂസ് വാര്‍ത്ത നല്‍കിയത്.
പ്രചരിക്കുന്ന കുറിപ്പില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിനെ വിശേഷിപ്പിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളില്‍ സംസ്ഥാന സര്‍ക്കാരിനെ പരാമര്‍ശിക്കുമ്പോള്‍ ‘ഗവണ്‍മെന്റ് ഓഫ് കേരള’ എന്നാണ് ഉപയോഗിക്കുക.
സാധാരണയായി പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ മേഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പുകള്‍ പുറത്തിറക്കുക. എന്നാല്‍ ഇവിടെ അങ്ങനെയുള്ള സംഭവിച്ചിരിക്കുന്നത്.
നിലവില്‍ ബി.ജെ.പിയുടെ ഐ.ടി സെല്ലില്‍ നിന്ന് പുറത്തുവന്ന കുറിപ്പാണിതെന്നാണ് ആരോപണം ഉയരുന്നത്. വേണ്ടപ്പെട്ട മാത്രിമാരുടെ പേരുകളും വകുപ്പുകളും മന്ത്രാലയങ്ങളെയും കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല. ഇക്കാര്യങ്ങൾ ആളുകളില്‍ സംശയം ജനിപ്പിക്കുന്ന ഒന്നാണ്.
കേന്ദ്ര പദ്ധതിയായ ആശ പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്നത്.
ഈ സമരത്തിനിടയിലേക്ക് ഒന്നിലധികം തവണയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എത്തിയത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനം കേന്ദ്രമന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നുവെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന എസ്.യു.സി.ഐ പറയുന്നത്.
ഇതിനുപുറമെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് സമാനമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിലെ ഉള്ളടക്കം.
ഇന്നലെ (ചൊവ്വ) രാത്രിയോടെ വ്യാപകമായി പ്രചരിച്ച വാര്‍ത്തക്കുറിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വെളിച്ചത്തില്ലെങ്കിലും നിലവില്‍ രൂക്ഷമായ വിമര്‍ശനമാണ് ഈ നീക്കത്തിനെതിരെ ഉയരുന്നത്.
ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രഥമദൃഷ്ട്യാ ഒരു സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തം.
അതിലെ ഉള്ളടക്കം ഇപ്രകാരം…
‘ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം’
ചാനലുകളില്‍ രാത്രി ബ്രേക്കിങ് ന്യൂസ്!
‘പ്രമുഖ’ പത്രങ്ങളില്‍ ഇന്ന് സ്വന്തം ലേഖകരുടെ റിപ്പോര്‍ട്ട്
ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ‘മുതിര്‍ന്ന’ മാധ്യമ പ്രവര്‍ത്തകര്‍
അവര്‍ക്ക് സംശയമില്ല!
‘കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം’
ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും
ഇവര്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ല.
അപ്പോള്‍ പിന്നെ ആരുടേത്?
അവിടെയാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണേണ്ടത്…
കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തയുടെ ആധികാരികതയില്‍ ചോദ്യം അനുവദനീയമല്ല കേട്ടോ!
ഇനി പ്രതികരണങ്ങളിലേക്ക്…
ചര്‍ച്ചകളിലേക്ക്…
നിര്‍ഭയമായ, ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം
Content Highlight: Health Minister veena george against Mathrubhumi, Manorama and 24 news