| Friday, 23rd July 2021, 4:20 pm

കേരളത്തില്‍ വാക്‌സിന്‍ കെട്ടിക്കിടക്കുന്നില്ല; കണക്കുകള്‍ നിരത്തി ആരോഗ്യമന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവില്‍ ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിന്‍ ഇന്നും നാളെയും കൊണ്ട് തീരുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

‘സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്സിന്‍ എത്തിയത് ജൂലൈ 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിനുകളാണ് എത്തിയത്. എന്നാല്‍ 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും വ്യാഴാഴ്ച 2.8 ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും ആര്‍ക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്സിന്‍ നല്‍കുന്നതെന്ന്. ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് ഒട്ടും നിരക്കുന്നതല്ല,’ വീണ ജോര്‍ജ് പറഞ്ഞു.

തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനേക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വാക്സിന്‍ സംസ്ഥാനത്തെത്തിയാല്‍ എത്രയും വേഗം താഴെത്തട്ടിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണ് സംസ്ഥാനം ഒരുക്കിയിട്ടുള്ളത്.

കുറഞ്ഞ അളവില്‍ വാക്സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകളും നല്‍കാന്‍ കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതല്‍ വാക്സിന്‍ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധം നടത്തുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയാല്‍ ഇത് കൃത്യമായി മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Health Minister Veena George about covid vaccination in Kerala

We use cookies to give you the best possible experience. Learn more