| Thursday, 21st November 2019, 9:39 pm

വിദ്യാര്‍ഥി പാമ്പു കടിയേറ്റ് മരിച്ച സംഭവം: ബത്തേരി താലുക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെന്റ് ചെയ്തു; അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ബത്തേരി താലുക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെന്റ് ചെയ്തു.

ഡോക്ടര്‍ തക്കസമയത്ത് ചികിത്സ നല്‍കിയില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

ആശുപത്രിയിലെത്തിച്ച വിദ്യാര്‍ഥിക്ക് ആന്റിവെനം നല്‍കാന്‍ അനുമതി ചോദിച്ചപ്പോള്‍ ഡോക്ടര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും ആന്റിവെനം നല്‍കാന്‍ നിരവധി പ്രോസസുകള്‍ ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ അനുമതി നല്‍കിയില്ലെന്നായിരുന്നു ഡോക്ടറുടെ വാദമെന്നും ആന്റിവെനം നല്‍കാന്‍ അനുമതി വേണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഷെഹ്‌ലയുടെ പിതാവ് അസീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിയുടെ നില മോശമായി തുടങ്ങിയ വേളയില്‍ താന്‍ നിര്‍ബന്ധിച്ചിട്ടും ആന്റിവെനം നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ആദ്യം അസംഷന്‍ ആശുപത്രിയിലേക്കാണ് പോയത്. കാഷ്യാലിറ്റിയില്‍ കുട്ടിയെ കയറ്റി. പാമ്പ് കടിച്ച പാടാണിതെന്നും ഇവിടെ ആന്റിവെനം ഇല്ലെന്നും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. താലൂക്ക് ആശുപത്രിയിലും കാഷ്യാലിറ്റിയില്‍ തന്നെയാണ് കാണിച്ചത്.

ആന്റിവെനം കൊടുക്കണമെങ്കില്‍ നിരീക്ഷണത്തില്‍ വെക്കാതെ പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം ഒബ്സര്‍വേഷനില്‍ കിടത്തണമെന്ന് പറഞ്ഞു. രക്തം പരിശോധനയ്ക്ക് അയച്ചു. അതിനിടെ കുട്ടി ഛര്‍ദിച്ചു. ഇതോടെ ഇവിടെ നിര്‍ത്തിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനും ഡോക്ടര്‍ പറഞ്ഞു.

കുട്ടിയുടെ നില വഷളായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആന്റിവെനം കൊടുക്കണമെന്ന് ഞാന്‍ ഡോക്ടറോട് നിര്‍ബന്ധിച്ചു. അത് പറ്റില്ലെന്നും അതിനെല്ലാം കുറെ പ്രോസസ്സുകള്‍ ഉണ്ടെന്നും പറഞ്ഞു.’, അസീസ് പറഞ്ഞിരുന്നു.

പാമ്പുകടിയേറ്റെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും അസീസ് വ്യക്തമാക്കിയിരുന്നു. കുഴിയില്‍ കാലുകുടുങ്ങി എന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്. കുട്ടിയുടെ കാലുകുടുങ്ങിയ കുഴി ഹെഡ്മാസ്റ്റര്‍ തന്നെ കാണിച്ചുതന്നുവെന്നും അസീസ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more