കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
Kerala News
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th October 2020, 12:04 pm

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് സംഭവം. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മെഡിക്കല്‍ കോളേജില്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്നായിരുന്നു ശബ്ദരേഖയില്‍ പറയുന്നത്.

ഹാരിസ് കൊവിഡ് ബാധിച്ച് ഐ.സി.യുവിലായിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണ കാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

ആശുപത്രിയില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നഴ്‌സുമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. കീഴ്ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും സംഭാഷണത്തില്‍ പ്രതിപാദിക്കുന്നത്. സന്ദേശത്തിന്റെ അവസാനമാണ് ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യം പറയുന്നത്. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കുന്നതായും അവ ഒഴിവാക്കണമെന്നും പറയുന്നു.

പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വെക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ സംരക്ഷിച്ചതുകൊണ്ടാണ് പല കേസുകളിലും നടപടിയുണ്ടാകാതിരുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

ഹാരിസിന്റെ മരണത്തില്‍ നേരത്തെ തന്നെ സംശയമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ആശുപത്രി അധികൃതരുടെ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നും ഹാരിസിന്റെ ബന്ധു എച്ച് അന്‍വര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Health minister seeks report on  death of Haris who allegedly dies lack of oxygen