തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെയെന്നും രോഗവ്യാപനം മുന്നില്‍ കണ്ട് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും ആരോഗ്യമന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സര്‍ക്കാര്‍ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായി നടത്തുന്നതുകൊണ്ടാണ് ക്ലസ്റ്ററുകളില്‍ സമൂഹവ്യാപനമുണ്ടായ കാര്യം കൃത്യമായി പറയുന്നതെന്നും രാജ്യത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കേരളത്തില്‍ വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നത് സമാധാനിക്കാന്‍ കഴിയുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
മരണനിരക്കിന്റെ കാര്യത്തിലായാലും കൊവിഡ് വ്യാപനത്തിന്റെ കാര്യത്തിലായാലും സര്‍ക്കാര്‍ ജനങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ കഴിവുകളും ഉപയോഗിച്ച് പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ അപേക്ഷിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം കൂടുതലാണ്. അതേകാലാവസ്ഥയും ഭൂപ്രകൃതിയുമാണ് കേരളത്തിലേതെന്നും സമൂഹവ്യാപനമുണ്ടായാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ക്ലസ്റ്റര്‍ രൂപപ്പെട്ടപ്പോഴും സര്‍ക്കാര്‍ പെട്ടെന്ന് ഇടപെടുകയാണുണ്ടായത്. ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍ പ്രകാരം സമൂഹ വ്യാപനമുണ്ടാകുമ്പോള്‍ വലിയ സംഖ്യയിലേക്ക് പോകാമെന്ന് സര്‍ക്കാര്‍ നേരത്തെ കണക്കുകൂട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എ.ബി.സി എന്നിങ്ങനെ പ്ലാനുകള്‍ കണക്കുകൂട്ടിയിരുന്നു.എന്നാല്‍ ജനങ്ങള്‍ കൂടി സഹകരിച്ചാല്‍ മാത്രമേ ഇത് നടപ്പാവൂ എന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശം എല്ലാവരും കൃത്യമായി പാലിക്കണമെന്നും കൊവിഡ് കേസുകള്‍ വ്യാപിച്ചാല്‍ കേരളത്തില്‍ അത് ആരോഗ്യ പ്രവര്‍ത്തകരെ തികയാത്ത സാഹചര്യത്തിലേക്ക് നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരില്‍ നിന്നും രോഗം പകരാം എന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ