അതിദാരുണമായ സംഭവമെന്ന് ആരോഗ്യമന്ത്രി; ഡോക്ടറുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി
Kerala News
അതിദാരുണമായ സംഭവമെന്ന് ആരോഗ്യമന്ത്രി; ഡോക്ടറുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 12:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഡോക്ടര്‍ വന്ദനദാസിന്റെ മരണത്തില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും അതിദാരുണമായ, ദുഃഖിപ്പിക്കുന്ന, നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കൊലപാതകത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്ജ്.

‘ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. രാവിലെ അഞ്ചിനാണ് പ്രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് എത്തിച്ചത്. അയാള്‍ വളരെ വയലന്റാവുകയും, അവിടെ പരിശീലനത്തിനായി ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് വളരെ.. വളരെ വേദനിപ്പിക്കുന്ന രീതിയില്‍ കൊല്ലപ്പെട്ടത്. ഡോക്ടര്‍ക്ക് എക്‌സ്പീരിയന്‍സ് കുറവായിരുന്നുവെന്നും അക്രമം ഉണ്ടായപ്പോള്‍ അവര്‍ ഭയന്നു പോയെന്നുമാണ് മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചത്.

അവിടെ ഉണ്ടായിരുന്ന ഒരു പൊലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ മോളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. പക്ഷേ വളരെ വേദനിപ്പിക്കുന്ന കാര്യമാണ് മോളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നത്.

ഈ സംഭവത്തില്‍ പൊലീസുകാര്‍ കൊണ്ടുവന്ന പ്രതിയാണ് അക്രമം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്. ഇത്തരം ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.

ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണം’ ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല.

ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം കാണാനായി മുഖ്യമന്ത്രി കിംസ് ആശുപത്രിയിലെത്തും.

CONTENT HIGHLIGHTS: Dr. Vandana das killed in kollam, health minister veena george and Cm pinarayi vijayan responds