| Sunday, 16th April 2017, 2:25 pm

മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാറില്‍ തുടരാനാവില്ലെന്ന് ആരോഗ്യമന്ത്രി: രാജിക്കത്ത് നല്‍കിയെന്ന് സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസമാകും മുമ്പേ മണിപ്പൂരിലെ കൂട്ടുകക്ഷി സര്‍ക്കാറില്‍ ഭിന്നത. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മണിപ്പൂരിലെ ആരോഗ്യമന്ത്രിയുമായ ജയന്തകുമാര്‍ സിങ് രാജിവെച്ചു. ഭരണകാര്യങ്ങളിലെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് രാജി.

“എന്നെ ഏല്‍പ്പിച്ച മേഖലയില്‍ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ എന്റെ വകുപ്പിലേക്കും മന്ത്രിയെന്ന ഇമേജിലേക്കും ബാഹ്യ ഇടപെടലുകള്‍ ഏറെ ഉണ്ടാവുന്നു.” രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read: കശ്മീരി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സുരക്ഷാ സൈന്യം: വീഡിയോ പുറത്ത് 


അതേസമയം മണിപ്പൂര്‍ മുഖ്യമന്ത്രി ഭുവനേശ്വറില്‍ ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ജയന്തകുമാറിന്റെ രാജിക്കത്ത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

ചൊവ്വാഴ്ച മുഖ്യമന്ത്രി തിരിച്ചുവന്നശേഷമേ രാജിക്കാര്യത്തില്‍ തീരുമാനമാകൂവെന്നാണ് ജയന്തകുമാര്‍ പറയുന്നത്.

ഒക്രം ഇംബോച്ച സിങ്ങിനെ ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഖ്യമന്ത്രി ബൈറണ്‍ സിങ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയുടെ രാജിയെന്നാണ് റിപ്പോര്‍ട്ട്.

33 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് ബി.ജെ.പി മണിപ്പൂരില്‍ സര്‍ക്കാറുണ്ടാക്കിയത്.

We use cookies to give you the best possible experience. Learn more