മാസ്‌ക് ധരിക്കാതെ നിയമസഭയിലെത്തി എം.എല്‍.എമാര്‍; ശാസിച്ച് ആരോഗ്യമന്ത്രി
Kerala News
മാസ്‌ക് ധരിക്കാതെ നിയമസഭയിലെത്തി എം.എല്‍.എമാര്‍; ശാസിച്ച് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th January 2021, 11:12 am

തിരുവനന്തപുരം: നിയമസഭയില്‍ എം.എല്‍.എമാരെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ. നിയമസഭാംഗങ്ങള്‍ മാസ്‌ക് മാറ്റി സംസാരിക്കുന്നതിനെതിരെയാണ് ആരോഗ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.

അംഗങ്ങള്‍ പലരും മാസ്‌ക് മാറ്റി സംസാരിക്കുന്നു. ഇത് ശരിയല്ല. ചിലര്‍ മാസ്‌ക് താഴ്ത്തി വെച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നേരത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എം.എല്‍.എ മുകേഷ്, പീരുമേട് എം.എല്‍.എ ബിജിമോള്‍, കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍, നെയ്യാറ്റിന്‍കര എം.എല്‍.എ കെ ആന്‍സലര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിയമസഭയില്‍ ഇന്ന് വി.ഡി സതീശന്റെ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചു. കിഫ്ബിയ്‌ക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടിലാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചത്. 12 മണിമുതല്‍ ഒന്നര മണിക്കൂറാണ് ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു.നടത്തിപ്പ് കൈമാറ്റം വികസനത്തിനായല്ല. വിമാനത്താവള കൈമാറ്റം സംബന്ധിച്ച അപ്പീല്‍ കോടതിയില്‍ നില്‍ക്കെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 22 വരെയാണ് നിയമസഭാ സമ്മേളനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Health Minister KK Shailaja criticizes MLA who don’t properly wear mask