നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി; എസ്മ പ്രയോഗിക്കുന്നതിനെ കുറിച്ച് തീരുമാനം പിന്നീട്
Kerala
നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി; എസ്മ പ്രയോഗിക്കുന്നതിനെ കുറിച്ച് തീരുമാനം പിന്നീട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th July 2017, 2:20 pm

തിരുവനന്തപുരം: നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവ്യവസ്ഥ അംഗീകരിക്കണമെന്നും ശമ്പളവര്‍ധനയുടെ കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എസ്മ പ്രയോഗിക്കുന്നതിനെക്കുറിച്ചു വിധിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്‌മെന്റിനെ സമീപിച്ച നഴ്‌സുമാരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സമരം. ഇന്നലെ മാനേജ്‌മെന്റുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ അവശ്യസര്‍വ്വീസ് നിയമം (എസ്മ) പ്രയോഗിക്കാനായിരുന്നു ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സമരം ചെയ്യുന്ന നഴ്സുമാര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.


Dont Miss ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍; കസ്റ്റഡി നാളെ അഞ്ച് മണി വരെ


എന്നാല്‍ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് നഴ്സുമാരുടെ സംഘടന പ്രതിനിധികള്‍ അറിയിച്ചു. സമരക്കാരുടെ അഭിഭാഷകന്റെ അഭിപ്രായം പോലും തേടാതെയാണ് മാനേജ്മെന്റുകളുടെ പരാതിയില്‍ കോടതി തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നഴ്സുമാരുടെ സമരത്തിനെ വെല്ലുവിളിച്ച് തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച മുതല്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്.

ഈ മാസം 17ന് നഴ്സുമാര്‍ വ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആശുപത്രി മാനേജ്മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് കോടതി നഴ്സുമാരുടെ സമരത്തെ വിമര്‍ശിച്ചു രംഗത്തുവന്നിരിക്കുന്നത്.