തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അനന്യയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു.
അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നെന്ന് അനന്യയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. പല സമയത്തും ഡോക്ടറുടെ സേവനം ലഭ്യമായില്ലെന്നും മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് അനന്യയെ ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പെരുമണ്‍ സ്വദേശിയാണ് മരിച്ച അനന്യ.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു.
എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നെന്നും അനന്യ ആരോപിച്ചിരുന്നു.
ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.
സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍.ജെയാണ് അനന്യ. കേരള നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായിരുന്നു ഇവര്‍. മലപ്പുറം വേങ്ങര മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് അനന്യ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
ഡി.എസ്.ജെ.പി. സ്ഥാനാര്‍ത്ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Health minister asked to the urgent probe in death of Anannyah Kumari Alex