തിരുവനന്തപുരം: കുണ്ടമണ്‍കടവ് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷമുള്ള പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
പേയാട് സ്വദേശിയായ കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് 54 വയസ്സായിരുന്നു. രോഗം മറ്റാര്‍ക്കും പകരാതിരിക്കാന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതിവെച്ച ശേഷമാണ് ഇദ്ദേഹം അത്മഹത്യ ചെയ്തത്.
കൃഷ്ണകുമാറിന്റെ സഹപ്രവര്‍ത്തകരിലൊരാളുടെ അച്ഛന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൃഷ്ണകുമാറിനെ നിരീക്ഷണത്തിലാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെ ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കുണ്ടമണ്‍കടവ് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആകെ 1184 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 784 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.