കോഴിക്കോട്: കോഴിക്കോട് ഒമിക്രോണ്‍ സമൂഹ വ്യാപനം നടന്നതായി ആരോഗ്യ വിദഗ്ദര്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയ 40 കൊവിഡ് ബാധിതരില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തി.
വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമില്ലാത്തവരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 50,000ത്തില്‍ എത്താന്‍ അധിക സമയം വേണ്ടി വരില്ലെന്നും ആരോഗ്യ വിദ്ഗദര്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ബീച്ച്, മാളുകള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
അതേസമയം, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ ഓണ്‍ലൈനായി മാറും. ഹൈക്കോടതിയുടേയും കീഴ്ക്കോടതികളുടേയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറും.
ഒഴിവാക്കാനാവാത്ത കേസുകള്‍ക്ക് മാത്രം വാദം കേള്‍ക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കോടതികളില്‍ 15 പേരില്‍ കൂടുതല്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം, മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാവും. ടി.പി.ആര്‍ 20ന് മുകളിലെത്തിയ ജില്ലകളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി.
കഴിഞ്ഞദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക.
ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പഴയതുപോലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപന മേധാവികള്‍ക്ക് സ്വയം തീരുമാനമെടുത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാം.
മറ്റേതെങ്കിലും മേഖലയില്‍ നിയന്ത്രണം വരുത്തണോ എന്നതിന് തിങ്കാളാഴ്ച തീരുമാനമാകും.
യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Health experts say Omicron has spread in Kozhikode district