വെള്ളം ഇറങ്ങാന്‍ തുടങ്ങിയതോടെ കോഴിക്കോട് ജില്ലയിലെ 72 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനകം പിരിച്ചുവിട്ടിരുന്നു. ജനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തകരും വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കുന്നതിന്റെ തിരക്കിലാണ്. വീടു വൃത്തിയാക്കാനിറങ്ങുന്നവര്‍ കര്‍ശനമായി പാലിക്കേണ്ട ചില മുന്‍കരുതലുകള്‍ ആരോഗ്യ വിഭാഗം പുറത്തിറക്കിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ചുവരുകള്‍ പൂര്‍ണമായി ഉണങ്ങിയിട്ടുണ്ടെന്നും വൈദ്യുതി ആഘാതം ഏല്‍ക്കാനുള്ള സാധ്യത ഇല്ലെന്നും ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിങ് , മീറ്റര്‍, ഇ.എല്‍.സി.ബി, എം.സി.ബി, സ്വിച്ചുകള്‍, പ്ലഗ്ഗുകള്‍ തുടങ്ങിയവയില്‍ വെള്ളവും ചെളിയും കയറാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കാം.
വീടിന്റെ പരിസരത്ത് സര്‍വ്വീസ് വയറോ എര്‍ത്ത് കമ്പനിയോ പൊട്ടിയ നിലയിലോ താഴ്ന്നുകിടക്കുന്ന നിലയിലോ കണ്ടാല്‍ സ്പര്‍ശിക്കരുത്. വിവരം ഉടന്‍ വൈദ്യുതി ബോര്‍ഡില്‍ അറിയിക്കണം. മീറ്ററിനോട് ചേര്‍ന്നുള്ള ഫ്യൂസ് ഊരിമാറ്റി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തശേഷമേ വീട് ശുചിയാക്കാന്‍ തുടങ്ങാവൂ. ഇന്‍വര്‍ട്ടറോ സോളാറോ ഉള്ളവര്‍ അത് ഓഫ് ചെയ്ത് ബാറ്ററിയുമായി കണക്ഷന്‍ വിച്ഛേദിക്കണം.
വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടണം. അടച്ചിട്ട മുറിയിലെ മലിനമായ വായുവിനെ പുറന്തള്ളാനും വായു സഞ്ചാരം സുഗമമാക്കാനും ഇതുവഴി സാധിക്കും.
വെള്ളം കയറുന്നതിനൊപ്പം വീടുകളില്‍ പാമ്പുകള്‍ കടന്നുകൂടാനുള്ള സാധ്യത പരിഗണിച്ച് അകത്ത് പ്രവേശിക്കുമ്പോള്‍ ശ്രദ്ധിച്ചു മാത്രം കടക്കുക.
വീടുകള്‍ വൃത്തിയാക്കുന്നവര്‍ ഗ്ലൗസ്, ബൂട്ടുകള്‍, മാസ്‌ക് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുറഞ്ഞത് ചെരുപ്പെങ്കിലും ഉപയോഗിക്കണം. കാലുകളില്‍ മുറിവുള്ളവര്‍ ചെളിവെള്ളത്തില്‍ ഇറങ്ങരുത്.
നിലങ്ങള്‍ ക്ലോറിന്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. അതിനുശേഷം ക്ലോറിന്റെ ഗന്ധം മാറിക്കിട്ടാന്‍ സുഗന്ധമുള്ള മറ്റ് ലായനികള്‍ ഉപയോഗിക്കാം.
പരിസരങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ വന്നടിയാനുള്ള സാധ്യത കണക്കിലെടുത്ത് വീടും പരിസരവും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അനുവിമുക്തമാക്കേണ്ടതുണ്ട്. കിണറുകളില്‍ നിന്നും മറ്റും വെള്ളമെടുക്കുന്നതിനു മുമ്പ് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കുക. വീട്ടിലെ പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.
പൊട്ടിയ പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകാനുള്ള സാധ്യതയുണ്ട്. അതിനു വഴിവെക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക. എലിപ്പനി, ഡെങ്കിപ്പനി, ഡയേറിയ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നീ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാഹചര്യം ഏറെയാണ്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള പ്രതിരോധ ഗുളികകള്‍ കഴിക്കുക. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ചികിത്സ തേടുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.