സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
World News
സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th August 2022, 5:09 pm

ന്യൂയോര്‍ക്ക്: പരിക്കേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഗുരുതരമായി പരിക്കേറ്റ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ റുഷ്ദി സംസാരിക്കാന്‍ പ്രയാസമനുഭവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇന്ന് പൊതുവെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണ്. കാഴ്ചയുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്.

വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തി കൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ഹാദി മറ്റാര്‍ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാളുടെ ബാഗ് വേദിക്കരികില്‍ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞിരുന്നു.

അതേസമയം ഹാദി മറ്റാറിന്റെ സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിച്ച ഫെഡറല്‍ ഏജന്‍സികള്‍ ഇയാള്‍ തീവ്ര ഷിയ പക്ഷക്കാരനാണെന്ന് കണ്ടെത്തി. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് ഹാദിയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റുഷ്ദിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്ന സംവാദകനും മുഖത്ത് കുത്തേറ്റെങ്കിലും ഇദ്ദേഹം അപകടനില തരണം ചെയ്‌തെന്നാണ് വിവരം.

സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം എഴുതിയതിന് ശേഷം റുഷ്ദിക്ക് നേരെ വധഭീഷണി നിലനിന്നിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികള്‍ വരാറുണ്ട്. വിവാദമായ സാത്താനിക് വേഴ്സസ് എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് ശേഷമായിരുന്നു വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്. ഈ പുസ്തകം ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. ഇന്ത്യയാണ് പുസ്തകം ആദ്യമായി നിരോധിച്ചത്.

1981ലെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കര്‍ പ്രൈസ് ജേതാവായ റുഷ്ദി. ഇന്ത്യന്‍- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു.എസിലാണ് താമസിക്കുന്നത്.

Content Highlight: Health condition of salman rushdie improved says reports