സൂര്യപ്രകാശം കൊണ്ട് എന്തൊക്കെയാണ് ഗുണങ്ങൾ? ചിന്തിച്ചിട്ടുണ്ടോ? “ഹോ, എന്തൊരു ചൂട്” എന്ന് പറഞ്ഞുകൊണ്ട് ഒരു കുടയുടെ മറവിലോ മരങ്ങളുടെ തണലിലോ കയറിക്കൂടി രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് നമ്മളിൽ പലരും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും ചർമ്മം കറുക്കുന്നതും പലർക്കും തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. എന്നാൽ സൂര്യൻ വിചാരിച്ചത് പോലെ അത്രക്ക് ദുഷ്ടനല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിരവധി ഗുണകരമായ പ്രവർത്തനങ്ങളാണ് സൂര്യപ്രകാശം മനുഷ്യശരീരത്തിൽ ചെയ്യുന്നതെന്നും ഇവർ പറയുന്നു.
Also Read ശബരിമലയിലെ നിരോധാനാജ്ഞ ലംഘിക്കല്‍; കെ. സുരേന്ദ്രന് ജാമ്യമില്ല, അറസ്റ്റിലായ 68 പേര്‍ റിമാന്‍ഡില്‍
സൂര്യപ്രകാശം എൽക്കുന്നത് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുന്നു. ഇതുവഴി സാദാരണ ഉള്ളതിനേക്കാൾ ഓജസ്സും ഉന്മേഷവും നേടാൻ കഴിയുന്നു. അതിലുപരി മനസിന്റെ സന്തോഷവും സമാധാനവും വർധിപ്പിക്കാനും സൂര്യപ്രകാശം കൊണ്ട് സാധിക്കുന്നു. സൂര്യപ്രകാശമേൽക്കുമ്പോൾ തലച്ചോറിൽ സെറോടോണിൻ നിർമ്മിക്കപ്പെടുന്നു. ശ്രദ്ധിക്കാനുള്ള കഴിവ് കൂട്ടാനും, മൂഡ് നന്നാക്കാനും, മനസ്സിന് സമാധാനം പ്രധാനം ചെയ്യാനുമായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന എൻസൈമാണ് സെറോടോണിൻ.
സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ ഈ ശരീരത്തിൽ എൻസൈമിന്റെ ഉത്പാദനം വർധിക്കുന്നു. എന്നാൽ രാത്രിസമയങ്ങളിൽ സൂര്യപ്രകാശത്തിന്റെ അഭാവം കാരണം ശരീരത്തിൽ മെലടോണിൻ ആണ് ഉണ്ടാവുക. ഇത് ഉറക്കം വരുത്താനും ഊർജ്ജനില കുറക്കാനും സഹായിക്കുക.
സെറോടോണിന്റെ കുറവ് മനുഷ്യരിൽ വിഷാദരോഗം വരെ ഉണ്ടാക്കുന്നതായി ഡോക്ടർമാർ പറയുന്നു. അതുകൊണ്ട്, സൂര്യനിൽ നിന്നും ഒളിച്ചോടാൻ ഇനി ശ്രമിക്കേണ്ട. മാനസിക ആരോഗ്യം നിലനിർത്താൻ സൂര്യപ്രകാശം ഏൽക്കുക തന്നെ വേണം. എന്നാൽ ഇത് മാത്രമല്ല സൂര്യനെ കൊണ്ടുള്ള ഗുണങ്ങൾ. മറ്റു പല രീതിയിലും സൂര്യൻ നമ്മളെ സഹായിക്കുന്നുണ്ട്.
ക്യാൻസർ തടയാൻ സൂര്യൻ വേണം
കൂടുതൽ രൂക്ഷമായ സൂര്യപ്രകാശം ക്യാൻസർ ഉണ്ടാക്കാനാണ് സാധ്യത കൂടുതലെങ്കിലും കുറഞ്ഞ അളവിൽ ശരീരം സൂര്യനെ കാണിക്കുന്നത് ക്യാൻസർ തടയാനാണ് ഉപകരിക്കുന്നത്. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആൾക്കാരിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരത്തിലുള്ള സ്ഥലങ്ങളിലുള്ളവർക്ക് ഒവേറിയൻ ക്യാൻസർ, പ്രോസ്ട്രേറ്റ് ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ എന്നീ രോഗങ്ങൾ ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
വിഷമങ്ങളും സമ്മർദ്ദങ്ങളും ഒഴിവാക്കാം
സെറോടോണിൻ ഉത്പാദനം ശരീരത്തിൽ നടക്കുന്നത് കൊണ്ടുതന്നെ മാനസിക വിഷമങ്ങളും മറ്റു സമ്മർദ്ദങ്ങളും വളരെ എളുപ്പത്തിൽ അകറ്റാം. അഞ്ച് മിനിട്ട് സൂര്യപ്രകാശം കൊണ്ടാൽത്തന്നെ മാനസികനിലവാരം ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂര്യപ്രകാശം ഏൽക്കുന്നത് വിഷാദരോഗികൾക്കും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും ഉത്തമ ചികിത്സയാണ്.
വൈറ്റമിൻ “ഡി” യിൽ ഇനി കുറവ് വരില്ല
മനുഷ്യന് ഏറ്റവും ആവശ്യമുള്ള വൈറ്റമിനുകളിൽ ഒന്നായ വൈറ്റമിൻ “ഡി”യുടെ ഉത്പാദനം പ്രധാനമായും നടക്കുന്നത് സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നതിലൂടെയാണ്. രോഗപ്രതിരോധശേഷി, ശരീരഭാരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുക, ശ്വാസകോശ രോഗങ്ങൾ വരാതെ നോക്കുക, എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വൈറ്റമിൻ “ഡി”ക്കുള്ള പങ്ക് ചെറുതല്ല. തലച്ചോറിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാനും ഈ വൈറ്റമിന്റെ ആവശ്യമുണ്ട്.
കൂടുതൽ ഉന്മേഷം നേടാം, കൂടുതൽ ജോലി ചെയ്യാം
കുടുംബവുമായി അൽപ്പനിമിഷം ചിലവഴിക്കുക, കളികളിൽ ഏർപ്പെടുക, ജോലിസമയത്ത് ഉൻന്മേഷത്തോടെ പണിയെടുക്കുക, ഇതൊക്കെയാണ് നമ്മുടെ ലക്‌ഷ്യം. പക്ഷെ പലപ്പോഴും ഇതൊന്നും സാധിക്കാറില്ല. ജോലി കഴിഞ്ഞെത്തിയാൽപിന്നെ ക്ഷീണത്തോട് ക്ഷീണമാണ്. അതൊഴിവാക്കാൻ ദിവസവും സൂര്യനെ കാണാൻ അൽപ്പം സമയം കണ്ടെത്തിയാൽ മതി. നിങ്ങൾ ചെയ്യാനുദ്ദേശിച്ച എല്ലാ കാര്യങ്ങൾക്കും വേണ്ട ഊർജ്ജവും താല്പര്യവും കൈവരും.
വീടിനുള്ളിലും സൂര്യപ്രകാശം എത്തിക്കാം
സൂര്യപ്രകാശം വീടിനകത്ത് കടന്നെത്തുന്ന രീതിയിൽ വീടുകൾ നിർമ്മിക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന വീടുകളിൽ മാലിന്യങ്ങളും രോഗാണുക്കളും കുറവായിരിക്കും. ഇത് മാത്രമല്ല സൂര്യപ്രകാശം വീടിനുള്ളിൽ ലഭിക്കുന്നത് മാനസികാരോഗ്യത്തിനും നല്ലതാണ്. കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും, ആരോഗ്യത്തിനും സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്. എന്നാൽ സൂര്യനുനേരെ വാതിലുകൾ കൊട്ടിയടക്കുന്നത് വഴി പലവിധ രോഗങ്ങൾ വിളിച്ചുവരുത്തുന്നവരാണ് മിക്കവരും.
ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങൾ സൂര്യനുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും സൂര്യനെ അവഗണിക്കാൻ നോക്കരുത്. വേനൽക്കാലത്ത് ആളിത്തിരി കുറുമ്പനാണെങ്കിലും, ഒരുപാട് നല്ല കാര്യങ്ങൾ സൂര്യൻ നമുക്കുവേണ്ടി ചെയ്യുന്നുണ്ട് എന്നതാണ് സത്യം.